മരുഭൂമിയിലെ ‘സാഹോദര്യം’; ബഹ്റൈനിൽ പാക്കിസ്ഥാൻ പൗരന് തണലായി മാറിയത് മലയാളികൾ
Mail This Article
മനാമ ∙ ബഹ്‌റൈന്‍റെ ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ, പാക്കിസ്ഥാൻ പൗരന് പ്രതീക്ഷകളുടെ തണലായി മാറിയത് മലയാളികൾ. പാക്കിസ്ഥാൻ പൗരനായ ഡാനിയേൽ മാഹിസ് അരയ്ക്കു താഴെ തളർന്ന അവസ്ഥയിൽ, ബഹ്‌റൈന്‍റെ മണ്ണിൽ ക്ലേശിക്കുന്ന വിവരം അറിഞ്ഞാണ് മലയാളി സമൂഹ കൂട്ടായ്മയായ 'ഹോപ്പ്' അദ്ദേഹത്തെ സഹായിക്കാൻ രംഗത്ത് വന്നത്.
ഡാനിയേൽ മാഹിസ് അരയ്ക്ക് താഴോട്ട് തളർന്ന അവസ്ഥയിൽ സൽമാനിയ ആശുപത്രിയിൽ ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഫ്ലെക്സി വീസയിലായിരുന്നതിനാൽ സഹായിക്കാൻ സ്പോൺസറോ കമ്പനിയോ ഉണ്ടായിരുന്നില്ല. തുടർചികിത്സയ്ക്ക് നാട്ടിലേക്ക് മടങ്ങാൻ ഡോക്ടർമാർ നിർദ്ദേശിച്ചുവെങ്കിലും സ്‌ട്രെച്ചർ സഹായത്തോടെ മാത്രമേ ഫ്ലൈറ്റ് യാത്ര സാധ്യമായിരുന്നൊള്ളു. അതുനുള്ള ഭീമമായ തുക കണ്ടെത്താനാവാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. സ്‌കൂൾ വിദ്യാർഥികളായ മൂന്നു മക്കൾ അടങ്ങുന്നതാണ് കുടുംബം.
ഡാനിയേലിന്‍റെ അവസ്‌ഥ മനസിലാക്കിയ ഹോപ്പിന്‍റെ ഹോസ്പിറ്റൽ വിസിറ്റ് ടീം ഇദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. ഹോപ്പ് അംഗങ്ങളിൽ നിന്നും സുമനസുകളിൽ നിന്നും സമാഹരിച്ച 513 ദിനാർ യാത്രാ ചെലവിലേക്ക് നൽകി.സഹായത്തുക ഹോപ്പ് എക്സിക്യൂട്ടീവ് അംഗം ഷിബു പത്തനംതിട്ട കൈമാറി. സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി, സിബിൻ സലിം എന്നിവരും സന്നിഹിതരായിരുന്നു. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും പള്ളിയിലെ അംഗങ്ങളും ചേർന്ന് 900 ദിനാറും സമാഹരിച്ചുനൽകി. കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം സഹായിച്ച എല്ലാവരോടും നന്ദി അറിയിച്ചു.