'കൊഹിമ' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യും
Mail This Article
ഷാർജ ∙ അർബുദത്തോട് പൊരുതി ജയിച്ച മുൻ പ്രവാസി പ്രകാശ് ചിറയ്ക്കലിൻ്റെ കഥാസമാഹാരം 'കൊഹിമ' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്നു. എഴുത്തനുഭവം പങ്കുവയ്ക്കുകയാണ് നോവലിസ്റ്റ്: കുറച്ച് വർഷം മുൻപ് പിടിപെട്ട രോഗവുമായി വിവിധ ആതുരാ ലയങ്ങളിലൂടെയുള്ള യാത്രകൾ. ഒടുവിൽ കോഴിക്കോട്ടെ എംവിആർ ക്യാൻസർ ഇന്സ്ടിട്യൂട്ടിൽ നീണ്ടകാല ചികിത്സ. കീമോകൾ. റേഡിയേഷനുകൾ. തുടർ ചെക്കപ്പുകൾ. ഭാരിച്ച സാമ്പത്തിക പ്രശ്നങ്ങളിലൂടെ മുങ്ങി നീന്തിയ നാളുകൾ.
അഗ്നിയാളിയ ആ കരാള രാവുകളിൽ ഈ ഭൂമിയിൽ എനിക്ക് എന്നെത്തന്നെ ഒരിക്കൽക്കൂടി അടയാളപ്പെടുത്തണമെന്ന് തോന്നി. അപ്പോഴേക്കും എന്റെ ആദ്യ ചെറുകഥാ സമാഹാരം വെളിച്ചം കണ്ടിട്ട് 25 വർഷങ്ങൾ ഒഴുകിപ്പോയിരുന്നു. വൈഷമ്യ ഘട്ടങ്ങൾ കടന്നുപോകവേ, എപ്പോഴൊക്കെയോ കുറിച്ചുവച്ച കഥകൾ പുസ്തകമാക്കാൻ മനസ്സ് വെമ്പി. അങ്ങിനെയാണ് കൊഹിമ എന്ന എന്റെ രണ്ടാം കഥാസമാഹാരം പിറക്കുന്നത്.
ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങളെ അനാവരണം ചെയ്യുന്ന കഥകളാണ് പുസ്തകത്തിലുള്ളത്. ഓരോ കഥക്കും ബഹുമുഖമായ പ്രമേയങ്ങൾ. അതിൽ വേദനിപ്പിക്കുന്ന സംഭവ സാക്ഷ്യങ്ങളുണ്ട്. മനസ്സിനെ നുള്ളി നോവിപ്പിക്കുന്ന അനുഭവങ്ങളും ഫാന്റസിയുമുണ്ട്. രതിയും രാത്രിയും സർപ്പവും മരണവും ഇടിയും മഴയും ഇതിലെ കഥകളിൽ ബിംബങ്ങൾ തീർക്കുന്നു.