ADVERTISEMENT

ജിദ്ദ ∙ ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകൊയ്ക്ക് ഈ വര്‍ഷം മൂന്നാം പാദത്തില്‍ 103.4 ബില്യൻ (10,340 കോടി) റിയാല്‍ ലാഭം. മൂന്നാം പാദത്തില്‍ കമ്പനി 99.74 ബില്യൻ റിയാല്‍ ലാഭം കൈവരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ വർഷം മൂന്നാം പാദത്തില്‍ സൗദി അരാംകൊ ലാഭം 15.4 ശതമാനമായി കുറഞ്ഞു. 2023 മൂന്നാം പാദത്തില്‍ കമ്പനി 122.2 ബില്യൻ റിയാല്‍ ലാഭം നേടിയിരുന്നു.

ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതും എണ്ണ സംസ്‌കരണ മേഖലയില്‍ നിന്നുള്ള ലാഭം കുറഞ്ഞതുമാണ് കമ്പനിയുടെ ആകെ ലാഭത്തെ ബാധിച്ചത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ സൗദി അരാംകൊയുടെ ആകെ വരുമാനം 1.7 ശതമാനമായി കുറഞ്ഞു. കുറഞ്ഞു. മൂന്നാം പാദത്തില്‍ കമ്പനിയുടെ ആകെ വരുമാനം 416.6 ബില്യൻ റിയാലാണ്. നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന ആകെ വരുമാനം 404.52 ബില്യൻ റിയാലാണ്.

മൂന്നാം പാദത്തെ ലാഭവിഹിതമായി ഓഹരിയൊന്നിന് 0.4815 റിയാല്‍ എന്ന തരത്തിൽ ആകെ 116.45 ബില്യൻ റിയാല്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു. അടിസ്ഥാന ലാഭവിഹിതമായി 76.06 ബില്യൻ റിയാലും (ഓഹരിയൊന്നിന് 0.3145 റിയാല്‍) കമ്പനിയുടെ പ്രകടനവുമായി ബന്ധപ്പെട്ട ലാഭവിഹിതമായി 40.39 ബില്യൻ റിയാലും (ഓഹരിയൊന്നിന് 0.1670 റിയാല്‍) വിതരണം ചെയ്യാനാണ് തീരുമാനം.

കഴിഞ്ഞ വർഷം മൂന്നാം പാദത്തില്‍ ഓഹരിയുടമകള്‍ക്ക് ലാഭവിഹിതമായി വിതരണം ചെയ്തതിനെക്കാള്‍ ആറു ശതമാനം കൂടുതലാണ് ഇത്തവണ കമ്പനി വിതരണം ചെയ്യുന്നത്. മൂന്നാം പാദത്തില്‍ കൈവരിച്ച ലാഭത്തിന്റെ 113 ശതമാനമാണ് ലാഭവിഹിതമായി കമ്പനി വിതരണം ചെയ്യുന്നത്. ആകെ വരുമാനം 1.7 ശതമാനവും ലാഭം 15 ശതമാനവും കുറഞ്ഞിട്ടും തുടര്‍ച്ചയായി റെക്കോര്‍ഡ് തുക ലാഭവിഹിതമായി വിതരണം ചെയ്യുന്ന നാലാം പാദമാണിത്.

നേരത്തെ നീക്കിവെച്ച വന്‍ ലാഭം പ്രയോജനപ്പെടുത്തിയാണ് മൂന്നാം പാദത്തെ ലാഭവിഹിതമായി ഇക്കാലയളവില്‍ ആകെ കൈവരിച്ച ലാഭത്തെക്കാള്‍ ഉയര്‍ന്ന തുക കമ്പനി വിതരണം ചെയ്യുന്നത്. ലാഭവിഹിത വിതരണത്തെ കമ്പനിയുടെ പ്രകടനവുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തിലാണ് സൗദി അരാംകൊ ആദ്യമായി പ്രകടനവുമായി ബന്ധിപ്പിച്ച ലാഭവിഹിതം വിതരണം ചെയ്തത്. ഇതിനു ശേഷം ഈ രീതിയില്‍ ലാഭവിഹിതം വിതരണം ചെയ്യുന്ന ആറാം പാദമാണിത്. മൂന്നാം പാദത്തിലെ ലാഭവിഹിതം ഈ മാസം 26 ന് കമ്പനി വിതരണം ചെയ്യും.

English Summary:

Saudi Aramco Reports 10,340 Crore Riyals Profit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com