ഫുട്ബോൾ കളിച്ചെത്തിയ ഉടൻ ഹൃദയാഘാതം; ഒൻപത് വയസ്സുകാരന് അദ്ഭുതകരമായ രക്ഷ
Mail This Article
റാസൽഖൈമ ∙ റാസൽഖൈമയിൽ ഒൻപത് വയസ്സുകാരന് ഹൃദയാഘാതം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. കരീം ഫാദി അദ് വാൻ എന്ന ഒൻപത് വയസ്സുകാരനാണ് ഹൃദയാഘാതം ഉണ്ടായത്. ഫുട്ബോൾ കളിച്ചെത്തിയ ഉടൻ കരീമിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുകയും ചെയ്തു. ഉടൻ തന്നെ കരീമിനെ ആർഎകെ ആശുപത്രിയിലെത്തിച്ചു.
ഡോക്ടർമാരുടെ പരിശോധനയിലാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായതെന്ന് വ്യക്തമായത്. കുട്ടികൾക്ക് വളരെ അപൂർവമായി മാത്രമുണ്ടാകുന്ന ഹൃദയാഘാതമാണിതെന്നും ഡോക്ടർമാർ പറഞ്ഞു. കരീം ഗുരുതരാവസ്ഥയിലായിരുന്നുവെന്നും തലച്ചോറിലേയ്ക്കുള്ള ഓക്സിജന്റെ അഭാവവും വ്യാപനവുമാണ് കോമയിലേക്ക് നയിച്ചതെന്നും ആർഎകെ ഹോസ്പിറ്റലിലെ പീഡിയാട്രിഷ്യൻ കൺസൾട്ടന്റും ഡിപാർട്ട്‌മെന്റ് തലവനുമായ ഡോ അഹമ്മദ് അതീഖ് പറഞ്ഞു. കരീം ഒന്നിനോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ശ്വസനവും പൾസും ഇല്ലായിരുന്നുവെന്നും തുടർന്ന് ആശുപത്രി ഉടൻ തന്നെ മെഡിക്കൽ അത്യാഹിതങ്ങൾക്കുള്ള മുന്നറിയിപ്പായ 'കോഡ് ബ്ലൂ' പ്രഖ്യാപിച്ചതായും സ്പെഷ്യലിസ്റ്റ് അനസ്‌തേഷ്യോളജിസ്റ്റ് രാജീവ് സരസ്വത് പറഞ്ഞു. അനസ്‌തേഷ്യോളജിസ്റ്റുകൾ, ശിശുരോഗ വിദഗ്ധർ, നഴ്‌സുമാർ എന്നിവരുൾപ്പെടെയുള്ള സംഘം കാർഡിയോപൾമോണറി റെസസിറ്റേഷൻ (സിപിആർ) ആരംഭിച്ചു. ഡിസി ഷോക്കുകൾ ഉപയോഗിച്ചും പിഎഎൽഎസ് (പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപോർട്ട്) മാർഗനിർദ്ദേശങ്ങൾ പാലിച്ചും ഏകദേശം മണിക്കൂറോളം അശ്രാന്തമായി പരിശ്രമത്തിനൊടുവിൽ കരീമിന്റെ ജീവൻ രക്ഷിച്ചു.
ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ കരീം സ്കൂളിൽ പോയിത്തുടങ്ങിയെന്നും കരീമിൻ്റെ പിതാവ് ഫാദി മുഹമ്മദ് പറഞ്ഞു. കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കാനുള്ള ആവേശത്തിലാണ് കരീമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിതാവ് പ്രാഥമികശുശ്രൂഷ നൽകിയത് ഗുണകരമായെന്നും ഇല്ലെങ്കിൽ കുട്ടിക്ക് വൈകല്യങ്ങൾ ഉണ്ടാകുമായിരുന്നുവെന്നും ഡോ അതീഖ് പറഞ്ഞു.