ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ന് ഇളയരാജ
Mail This Article
ഷാർജ ∙ എക്സ്പോ സെന്ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ന് (വെള്ളി) ഇന്ത്യൻ സംഗീതജ്ഞൻ ഇളയരാജ പങ്കെടുക്കും. രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിലാണ് 'മഹാ സംഗീതജ്ഞന്‍റെ യാത്ര - ഇളയരാജയുടെ സംഗീത സഞ്ചാരം' എന്ന രണ്ട് മണിക്കൂർ പരിപാടി. അമ്പതാണ്ട് പിന്നിടുന്ന തന്‍റെ സംഗീത സപര്യയെക്കുറിച്ച് അദ്ദേഹം ആസ്വാദകരുമായി സംവദിക്കും. ഇന്ന് യുഎഇ സമയം വൈകിട്ട് 4 മുതൽ രാത്രി 11 വരെയാണ് പുസ്തകമേള.
നാളെ പുസ്തകമേളയിൽ ബൾഗേറിയൻ എഴുത്തുകാരൻ ജോർജി ഗോഡ്‌സ്‌പോഡിനോവ്, ചരിത്രകാരി റാണ സഫ്‌വി എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുക്കും. ജോർജി ഗോഡ്‌സ്‌പോഡിനോവ് രാത്രി 9 മുതൽ 10 വരെ ബുക്ക് ഫോറം 3 ഇൽ നടക്കുന്ന 'ഫ്രം നാച്ചുറൽ നോവൽ ടു ടൈം ഷെൽട്ടർ - ജോർജി ഗോഡ്‌സ്‌പോഡിനോവുമൊത്ത് ഒരു സഞ്ചാരം' എന്ന പരിപാടിയിൽ വായനക്കാരുമായി സംവദിക്കും.
അദ്ദേഹത്തിന്‍റെ ടൈം ഷെൽട്ടർ എന്ന നോവലിന് 2023 ലെ ബുക്കർ സമ്മാനം ലഭിച്ചിട്ടുണ്ട്. 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിൽ നടക്കുന്ന പരിപാടിയിൽ റാണ സഫ്‌വി പങ്കെടുക്കും.'കലാപരമായ പ്രചോദനവും ക്രിയാത്മകതയും' എന്ന വിഷയത്തിൽ റാണ സഫ്‌വി സംസാരിക്കും. ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്തിയിട്ടുള്ള റാണ ഇന്ത്യയുടെ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് 9 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.