ADVERTISEMENT

മസ്‌കത്ത്∙ ഒമാന്‍റെ തലസ്ഥാന നഗരത്തിലെ അതിവേഗ യാത്രയ്ക്ക് മെട്രോയുമെത്തുന്നു. മസ്‌കത്ത് മെട്രോയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങള്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാകും. ശതകോടി റിയാല്‍ നിക്ഷേപം ആവശ്യമുള്ള നിര്‍ദിഷ്ട മെട്രോ ലൈന്‍ 55 കിലോമീറ്ററിലധികം നീളുകയും 42 പാസഞ്ചര്‍ സ്‌റ്റേഷനുകള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നതാണ്.

ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, വിനോദസഞ്ചാരികള്‍ക്കുള്ള നഗരത്തിന്‍റെ ആകര്‍ഷണം വര്‍ധിപ്പിക്കുക, റൂവിയിലെയും മത്രയിലെയും വാണിജ്യ കേന്ദ്രങ്ങളെ സൗത്ത് സീബുമായി ബന്ധിപ്പിക്കുന്ന കാര്യക്ഷമമായ ജനകീയ ഗതാഗത സംവിധാനം സ്ഥാപിക്കുക, വിമാനത്താവളത്തിലേക്ക് ഒരു അധിക പാതയും മറ്റ് പൊതുപാതകളുമായി സംയോജിപ്പിക്കലും മസ്‌കത്ത് മെട്രോയുടെ പ്രധാന ലക്ഷ്യങ്ങളാണ്.

ജനസംഖ്യാ വളര്‍ച്ചയെ ഉള്‍ക്കൊള്ളുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ഗതാഗത ശൃംഖലകള്‍ മെച്ചപ്പെടുത്തുക, സേവന നിലവാരം ഉയര്‍ത്തുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷിക്കുക, തുടങ്ങിയവയും മസ്‌കത്ത് മെട്രോ വരുന്നതോടെ സാധ്യമാകും. കൂടാതെ, നഗരത്തിന്‍റെ കാര്‍ബണ്‍ പുറന്തള്ളലുകള്‍ കുറയ്ക്കുന്നതിലൂടെ പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് സംഭാവന നല്‍കാനും മെട്രോ പദ്ധതി ലക്ഷ്യമിടുന്നു.

എല്ലാവര്‍ക്കും എളുപ്പത്തില്‍ ഉപയോഗപ്പെടുത്താനാകുന്നതും മസ്‌കത്തിലെ തന്ത്രപ്രധാന മേഖലകളില്‍ പ്രധാന സ്‌റ്റേഷനുകള്‍ ഉറപ്പുവരുത്തുന്നതുമടക്കം പ്രധാന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് മെട്രാ പദ്ധതിയുടെ റൂട്ടുകള്‍ നിശ്ചയിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ഹൈതം സിറ്റി മുതല്‍ അല്‍ ഖുവൈര്‍ വഴി റൂവി വരെയാണ് മെട്രോ പാത. 

2021ലാണ് ലാൻഡ്​മാര്‍ക്ക് മസ്‌കത്ത് മെട്രോ പദ്ധതി പ്രഖ്യാപിച്ചത്. ജനസംഖ്യയും ദൈനംദിന ഗതാഗത കുരുക്കും വര്‍ധിക്കുന്ന സാഹചര്യത്തില്‍ മസ്‌കത്തില്‍ മെട്രോ നെറ്റ് വര്‍ക്ക് അടക്കമുള്ള പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന് പ്രാധാന്യം ഏറിവരികയാണ്.

അതേസമയം, പൊതുഗതാഗത മേഖലയുടെ വികസനത്തിന് പ്രധാന പരിഗണനയെന്ന് 2040 വിഷന്‍ ഇംപ്ലിമെന്‍റേഷന്‍ ഫോളോ അപ്പ് യൂണിറ്റ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മസ്‌കത്ത് മെട്രോ ഉള്‍പ്പെടെ പദ്ധതികള്‍ ഇതിന്‍റെ ഭാഗമാണ്.

English Summary:

Metro will arrive in Muscat; construction on track.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com