2034 ലോകകപ്പ്: കാണികൾക്കായി ഒരുങ്ങുകയാണ് സൗദിയും റോഷൻ സ്റ്റേഡിയവും
Mail This Article
റിയാദ് ∙ 2034 ലെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്ക് സൗദിയിൽ തുടക്കമായി. രാജ്യത്തിന്‍റെ വിഷൻ 2030 ന്‍റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ ഭാഗമായി റോഷൻ സ്റ്റേഡിയം നിർമാണത്തിന് തുടക്കമായിട്ടുണ്ട്.
46,000 കാണികളെ ഉൾക്കൊള്ളുന്ന ഈ അത്യാധുനിക സ്റ്റേഡിയം 450,000 ചതുരശ്ര മീറ്ററിലാണ് വ്യാപിച്ചുകിടക്കുക. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടിന്‍റെ സഹായത്തോടെ 2020-ൽ സ്ഥാപിതമായ റോഷൻ, സൗദി വിഷൻ 2030 ന്‍റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി നിർണായക പങ്കു വഹിക്കും.
സോളാർ പാനലുകൾ, ജല-ഊർജ മാനേജ്‌മെന്‍റ് എന്നിവ ഉൾപ്പെടെയുള്ള സുസ്ഥിര സവിശേഷതകൾ സ്റ്റേഡിയത്തിൽ ഉൾപ്പെടുത്തും. കൂടാതെ, സഹായ ഇടങ്ങൾ, അക്കാദമി ഓഫിസുകൾ, രണ്ട് ഹോട്ടലുകൾ, റീട്ടെയിൽ, ഡൈനിങ് ഔട്ട്‌ലെറ്റുകൾ എന്നിവയും ഇവിടെ ഒരുക്കും. 2034 ലെ ഫിഫ ലോകകപ്പിൽ 32 മത്സരങ്ങൾക്ക് ഈ സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. രാജ്യത്തുടനീളം 11 പുതിയ സ്റ്റേഡിയങ്ങൾ നിർമിക്കുന്നതിന്‍റെ ഭാഗമായാണ് റോഷൻ സ്റ്റേഡിയം നിർമാണവും.