ബഹ്റൈനിൽ സഞ്ചാരികളുടെ വൻ ഒഴുക്ക്; എയർഷോയും ക്രൂയിസ് ടൂറിസവും ‘പുകയുന്ന ബഹൂറും’ പ്രധാന ആകർഷണങ്ങൾ
Mail This Article
മനാമ∙ രാജ്യാന്തര എയർ ഷോയും മികച്ച കാലാവസ്ഥയും ഒരേ പോലെ ബഹ്‌റൈനിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. 13 മുതൽ സഖീർ എയർബേസിൽ നടക്കുന്ന എയർഷോ കാണാൻ ധാരാളം സഞ്ചാരികളാണ് ഇതിനകം തന്നെ രാജ്യത്ത് എത്തിച്ചേർന്നത്.
ട്രാവൽ കമ്പനികൾ എയർഷോയും മറ്റു ആകർഷണങ്ങളും ഉൾപ്പെടുത്തി നിരവധി ടൂർ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. വിമാനത്താവളം വഴിയും സൗദി കോസ്റ്റ് വഴിയും ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്നു. ബഹ്‌റൈൻ ഖലീഫ ബിൻ സൽമാൻ സീ പോർട്ടിലേക്ക് വിനോദസഞ്ചാര കപ്പലുകളിലും സഞ്ചാരികൾ എത്തുന്നുണ്ട്. ഒരു ദിവസത്തെ സന്ദർശനത്തിന് വേണ്ടി മാത്രമായി പലരും കപ്പലിൽ എത്തുന്നു.
അടുത്ത സീസണിൽ ക്രൂയിസ് യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കാനാണ് സീ പോർട്ട് അധികൃതർ ശ്രമിക്കുന്നത്. കഴിഞ്ഞ സീസണിൽ 1,16,000-ലധികം ക്രൂയിസ് യാത്രക്കാരാണ് എത്തിയിരുന്നു. എല്ലാ തിങ്കളാഴ്ചയും രണ്ടോ മൂന്നോ ക്രൂയിസ് കപ്പലുകൾ എത്തുന്നുണ്ട്. എയർഷോ കാരണം കൂടുതൽ കപ്പലുകൾ എത്താൻ സാധ്യതയുണ്ട്.
∙ ഇവിടെ കാറ്റിന് സുഗന്ധം; ടൂറിസ്റ്റുകളെ ആകർഷിക്കാൻ 'ബഹൂർ ' പുകഞ്ഞുതുടങ്ങി
തലസ്‌ഥാന നഗരിയിലെ സൂഖുകളിൽ സന്ദർശകരെ ആകർഷിക്കാൻ കടയുടമകൾ 'ബഹൂർ ' (bakhoor ) പുകച്ചു തുടങ്ങി. പ്രത്യേക ആകർഷകമായ ബർണറുകളിൽ വ്യത്യസ്തമായ ബഹൂറുകൾ ആണ് പുകയ്ക്കുന്നത്. എല്ലാ കടകളിൽ നിന്നുമുള്ള സമ്മിശ്ര സുഗന്ധമാണ് ഇപ്പോൾ തലസ്‌ഥാന നഗരിക്ക്. കൂടാതെ കാൽനടയാത്രക്കാർക്കും സന്ദർശകർക്കും ഊദ്,പല തരം പെർഫ്യുമുകളും കടകളുടെ പ്രമോഷന്റെ ഭാഗമായി നൽകിവരുന്നുണ്ട്.
പുരാവസ്തുക്കളുടെ വലിയൊരു ശ്രേണിയും ടൂറിസ്റ്റുകൾക്കായി സൂഖുകളിൽ ഒരുക്കിയിട്ടുണ്ട്.പിച്ചള പത്രങ്ങൾ,പഴയകാല ഗ്രാമഫോണുകളുടെ മാതൃകകൾ, പല വലുപ്പത്തിലും ആകൃതിയിലുമുള്ള കല്ലുകൾ, ഫാനൂസ് വിളക്കുകൾ,എന്നിവയും പഴയ കാലത്ത് രാജാക്കന്മാർ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന ആയുധങ്ങളുടെ മാതൃകകൾ വരെ ടൂറിസ്റ്റുകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്. മനാമയുടെ പാരമ്പര്യ രീതികൾക്ക് അനുയോജ്യമായ രീതിയിലാണ് കടകളുടെ ബോർഡുകൾ വരെ ഒരുക്കിയിരിക്കുന്നത് എന്നത് കൊണ്ട് തന്നെ ടൂറിസ്റ്റുകളും തലസ്‌ഥാനത്തെ ഷോപ്പിങ് നല്ല രീതിയിൽ ആസ്വദിക്കുന്നുണ്ട്.