സൈക്കിൾ ട്രാക്കായി ഷെയ്ഖ് സായിദ് റോഡ്; റൈഡിൽ ആവേശം നിറച്ച് ചവിട്ടിക്കയറി 37,130 പേർ
Mail This Article
ദുബായ് ∙ തിരക്കു പതിവായ ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഇന്നലെ ഏതാനും മണിക്കൂർ നേരത്തേക്ക് വാഹനങ്ങൾ സൈക്കിളുകൾക്കു വഴിമാറി. ആയിരക്കണക്കിനു സൈക്കിളുകൾ അണിനിരന്നതോടെ ലോകത്തെ വലിയ ദേശീയപാതകളിലൊന്ന്, സൈക്കിൾ ട്രാക്കായി മാറി.
ദുബായ് സൈക്കിൾ റൈഡിൽ ഇന്നലെ 37,130 സൈക്കിൾ സവാരിക്കാരാണ് പങ്കെടുത്തത്. പ്രഫഷനൽ റൈഡർമാർക്കായി അതിവേഗ മത്സരവും നടത്തി. പുലർച്ചെ മൂന്നര മുതൽ സൈക്കിൾ റൈഡർമാർ എത്തിത്തുടങ്ങിയിരുന്നു. 5നകം അതിവേഗ സൈക്കിളോട്ടം പൂർത്തിയാക്കി. മണിക്കൂറിൽ ശരാശരി 30 കിലോമീറ്റർ വേഗത്തിൽ 12 കിലോമീറ്ററാണ് അതിവേഗ മത്സരത്തിൽ പങ്കെടുത്തവർ പൂർത്തിയാക്കിയത്.
തുടർന്ന്, എല്ലാവരും കാത്തിരുന്ന ദുബായ് റൈഡ് രാവിലെ 6നു തുടങ്ങി. ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായി സംഘടിപ്പിച്ച റൈഡ് ദുബായ് പൊലീസിന്റെ സൈബർ ട്രക്കും ഡെലിവറി റൈഡർമാരും ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്തു. പങ്കെടുക്കാൻ അബുദാബിയിൽ നിന്നുവരെ സൈക്കിളിൽ ആളുകൾ എത്തി.