പ്രവാസിക്ക് തുണയായത് കുവൈത്ത് അമീറിന്‍റെ കാരുണ്യം; മോചനം ജീവിതാവസാനം വരെയുള്ള തടവിൽ നിന്ന്, കുടുക്കിയത് എജന്റിന്റെ ചതി
Mail This Article
കുവൈത്ത് സിറ്റി∙ കുവൈത്തിൽ ലഹരിമരുന്ന് അടങ്ങിയ ബാഗുമായി പിടിയിലായ തമിഴ്നാട് സ്വദേശി രാജരാജന്‍ 8 വർഷത്തിന് ശേഷം ജയില്‍ മോചിതനാവുകയാണ്. ഏജന്‍റിന്‍റെ ചതിയിൽപ്പെട്ട് ദുരവസ്ഥയിലായ രാജരാജൻ, കുവൈത്ത് അമീറിന്‍റെ കാരുണ്യത്താൽ ലഭിച്ച ശിക്ഷയിളവിന്‍റെ അടിസ്ഥാനത്തിലാണ് ജയിലിൽ നിന്ന് മോചിതനാകുന്നത്.
ജീവിതമാർഗം തേടി 2016 ഒക്ടോബർ 26നാണ് രാജരാജൻ കുവൈത്തിലെത്തുന്നത്. ആദ്യമായി വിദേശ രാജ്യത്തെത്തിയ രാജരാജനെ വിമാനത്താവളത്തിൽ വച്ചുതന്നെ അധികൃതർ പിടികൂടി. ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്ന ലഹരിമരുന്ന് കടത്തൽ കേസിൽ അദ്ദേഹത്തിനെ പ്രതിയാക്കുകയും ചെയ്തു.
ജീവപര്യന്തം (ജീവിതാവസാനംവരെ) തടവിന് വിധിക്കപ്പെട്ട രാജരാജൻ ജയിലിൽ കഴിയുകായിരുന്നു. ഇപ്പോൾ അമീറിന്‍റെ കാരുണ്യത്താൽ ലഭിച്ച ശിക്ഷയിളവ് ലഭിച്ചതിനാൽ നാടുകടത്തൽ കേന്ദ്രത്തിലേക്ക് ഇദ്ദേഹത്തെ മാറ്റിയിരിക്കുകയാണ്.
കുമരേശന്‍റെ ചതി
തൃച്ചി ശ്രീരംഗം അയിലപ്പെട്ടെ നോർത്ത് സ്ട്രീറ്റിലെ താമസക്കാരനായ രാജരാജൻ, സുഹൃത്തായ അബ്ദുള്ള വഴി കുവൈത്തിലേക്ക് പോകാന്‍ കുമരേശന്‍ എന്ന ഏജന്‍റുമായി ബന്ധപ്പെട്ട് ഖാദീം വീസ സംഘടിപ്പിച്ചു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം, 2016 ഒക്ടോബർ 22ന് കുമരേശനോടൊപ്പം ചെന്നൈയിലെത്തി. ഇരുവരും അവിടെ ഹോട്ടലില്‍ താമസിച്ചു.
കുവൈത്തിലേക്കുള്ള യാത്രയ്ക്ക് തൊട്ടുമുൻപുള്ള ദിവസം, അതായത് ഒക്ടോബർ 25ന്, രാജരാജന്‍റെ സാധനങ്ങൾ കൊണ്ടുവന്ന ബാഗുകൾ മാറ്റി കുമരേശൻ പുതിയൊരു ലഗേജും ഹാൻഡ് ബാഗും നൽകി. രാജരാജൻ സംശയത്തോടെ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, പഴയ പെട്ടി മോശമായതിനാലാണ് പുതിയത് നൽകിയതെന്നായിരുന്നു കുമരേശന്‍റെ മറുപടി. ഹാൻഡ് ബാഗ് തുറന്ന് പാസ്‌പോർട്ടും ടിക്കറ്റും കാണിച്ചുകൊടുത്തു. ലഗേജ് ബാഗില്‍ രാജരാജന്‍റെ വസ്ത്രങ്ങളാണെന്നും ധരിപ്പിച്ചു.. പോകാനുള്ള സമയമായി എന്ന് പറഞ്ഞ് ലഗേജ് ബാഗ് തുറന്ന് കാണിക്കാൻ കുമരേശൻ തയ്യാറായില്ല.
അന്നേ ദിവസം വൈകുന്നേരം തന്നെ ചെന്നൈയിൽ നിന്ന് കുവൈത്തിലേക്ക് രാജരാജൻ പുറപ്പെട്ടു. പിറ്റേന്ന് കുവൈത്ത് വിമാനത്താവളത്തിൽ വച്ച് നടന്ന പരിശോധനയിൽ രാജരാജന്‍റെ പെട്ടിയിൽ നിന്ന് അധികൃതർ ലഹരിവസ്തുക്കൾ കണ്ടെത്തുകയായിരുന്നു.
∙ നാട്ടില്‍ അറിഞ്ഞത് രണ്ടാഴ്ചയ്ക്ക് ശേഷം
തനിക്ക് എന്താണ് സംഭവിച്ചതെന്നോ, പൊലീസ് എന്തിനാണ് കസ്റ്റഡിയില്‍ എടുത്തതെന്നോ രാജരാജന് മനസിലായില്ല. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ രാജരാജന് രണ്ട് ആഴ്ചയോളം വേണ്ടിവന്നു. തുടര്‍ന്ന് നാട്ടിലുള്ള ഏക സഹോദരി അന്‍പരശിയെ വിളിച്ച് തന്‍റെ ദുരവസ്ഥ വിവരിച്ചു. സഹോദരി കുമരേശന്‍റെ വീട്ടില്‍ ചെന്നെങ്കിലും അത് അടച്ചിട്ട നിലയിലായിരുന്നു. അമ്മാവനായ പളനിയുടെ വീട്ടില്‍ അന്വേഷിച്ചെങ്കിലും ഇവര്‍ക്ക് അയാളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. കുമരേശന്‍ ആണ് ഇതിന് ഉത്തരവാദി എന്നുപറഞ്ഞ് സുഹൃത്ത് അബ്ദുള്ളയും ഒഴിഞ്ഞ് മാറി.
∙ അധികൃതരുടെ ഇടപെടല്‍ ഇങ്ങനെ
രാജരാജന്‍റെ സഹോദരി അന്‍പരശി ചെന്നൈയിലുള്ള ഡൊമസ്റ്റിക് വര്‍ക്കര്‍ വെല്‍ഫെയര്‍ ട്രസ്റ്റിനെ സമീപിച്ചു. അവരുടെ സഹകരണത്തോടെ തമിഴ്‌നാട് സര്‍ക്കാരില്‍ പരാതി നല്‍കി. ഒപ്പം, കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റിയിലും സഹോദരന്‍റെ മോചനത്തിനായി അപേക്ഷിച്ചു.
തമിഴ്‌നാട് സര്‍ക്കാര്‍ അണ്ടര്‍ സെക്രട്ടറി സെന്തില്‍ കുമാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആഭ്യഥിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. കുവൈത്തിലെ അന്നത്തെ ഇന്ത്യന്‍ സ്ഥാനപതി ജീവ സാഗര്‍ ഉടന്‍ തന്നെ ഫസ്റ്റ് സെക്രട്ടറിയും കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഓഫിസറുമായ പി പി നാരായണനോട് വിഷയത്തില്‍ ഇടപെടാന്‍ നിര്‍ദേശിച്ചു.
കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലും ബന്ധപ്പെട്ട അധികാരികളിലും പി പി നാരായണന്‍ വിവരം ധരിപ്പിച്ച്, രാജരാജന്‍ നിരപരാധിയാണ് എന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അതിന്‍റെ ഫലമായി 2017-ല്‍ ജയില്‍ തടവുകാര്‍ക്ക് അമീര്‍ നല്‍കുന്ന ശിക്ഷായിളവ് പട്ടികയില്‍ രാജരാജനും ഇടംപിടിച്ചു. തുടര്‍ന്ന്, ജീവപര്യന്തം ശിക്ഷയില്‍നിന്ന് ഒഴിവാക്കപ്പെട്ടു.
ജയിലിലെ ഉദ്യോഗസ്ഥര്‍ രാജരാജനെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടുകളും ശിക്ഷയില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ ലഭിക്കാന്‍ കാരണമായി. ഇപ്പോള്‍ നാട്ടിലേക്ക് മടക്കി അയയ്ക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. എംബസിയില്‍ നിന്ന് ഔട്ട്പാസ് അടക്കം നല്‍കിയിട്ടുണ്ട്. നാട് കടത്തല്‍ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം രാജരാജന്‍ സഹോദരിയെ വിളിച്ച് നാട്ടിലേക്കു മടങ്ങുന്നതിനുള്ള ഒരുക്കത്തിലാണെന്ന് അറിയിച്ചു.
ലഹരിമരുന്ന് കേസിലെ ശിക്ഷകള്‍ ഇപ്രകാരം
കുവൈത്തിലെ ലഹരി മരുന്ന് കേസുകളില്‍ കച്ചവടക്കാര്‍ അഥവാ ഇടനിലക്കാര്‍ എന്നിവര്‍ക്ക് പരമാവധി ശിക്ഷയാണ് കുവൈത്ത് നല്‍കുന്നത്. വധശിക്ഷ, ജീവപര്യന്തം (ജീവിതാവസാനം വരെ) എന്നിവയാണ് വിധിക്കുന്നത്. വധശിക്ഷ അല്ലെങ്കില്‍ 15 വര്‍ഷം മുതല്‍ ജീവിതാവസാനം വരെ തടവ്. രാജരാജനും പ്രസ്തുത പട്ടികയിലുള്‍പ്പെട്ട കേസിലാണ് അകപ്പെട്ടിരുന്നത്.
കൂടാതെ, ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവ് ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
∙ നാട്ടിലെ ഏജന്‍റിനെതിരേ കേസില്ല
രാജരാജനെ കുടുക്കിയ കുമരേശന്‍, അബ്ദുള്ള എന്നിവര്‍ക്കെതിരെ കേസൊന്നുമില്ല. സഹോദരനെ കള്ളക്കേസില്‍ കുടുക്കിയവര്‍ക്ക് എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട അന്‍പരശിയുടെ ശ്രമം വിഫലമായി. ഉന്നത സ്വാധീനം ഉപയോഗിച്ച് ഇവര്‍ രക്ഷപ്പെട്ടതായിട്ടാണ് ആരോപണം. ഇതിനെതിരേ രണ്ട് വര്‍ഷത്തിനുശേഷം കുവൈത്ത് ഹ്യൂമന്‍ റൈറ്റ്‌സ് സൊസൈറ്റി അംഗമായ ആല്‍വിന്‍ ജോസ് ഡല്‍ഹിയിലെ നാഷനല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനിലും ഓണ്‍ലൈന്‍ മുഖേന പരാതിപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
ഇത്തരത്തിലുള്ള പരാതിയുമായി പലരും സമീപിക്കാറുണ്ടെങ്കിലും ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും കാര്യമായ ഒരു നടപടിയും സ്വീകരിക്കാറില്ലെന്നാണ് വിദേശത്തേയ്ക്ക് തൊഴില്‍ തേടി പോകുന്നവരില്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നത്. കേന്ദ്ര സര്‍ക്കാരും ഇക്കാര്യം വേണ്ട രീതിയില്‍ പരിഗണിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്.