പലസ്തീൻ, ലബനൻ ആക്രമണം ഉടൻ അവസാനിപ്പിക്കണം: അറബ്– ഇസ്‌ലാമിക് ഉച്ചകോടി
Mail This Article
റിയാദ് ∙ പലസ്തീൻ, ലബനൻ ജനങ്ങൾക്കെതിരായ ആക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്നും രാജ്യാന്തര സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കണമെന്നും അറബ്– ഇസ്‌ലാമിക് ഉച്ചകോടി ആവശ്യപ്പെട്ടു. ഇറാന്റെ പരമാധികാരത്തെ മാനിക്കണമെന്നും ആക്രമണം നടത്തരുതെന്നും ഉച്ചകോടി അഭ്യർഥിച്ചു. ലബനനിൽ പോരാട്ടം രണ്ടാം ഘട്ടത്തിലേക്കു കടന്ന പശ്ചാത്തലത്തിലാണ് പ്രത്യേക ഉച്ചകോടി ചേർന്നത്.
ഇസ്രയേൽ ആക്രമണത്തെ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗെയ്തും കടുത്ത ഭാഷയിൽ വിമർശിച്ചു. യുദ്ധം അവസാനിപ്പിക്കുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യാന്തര നിയമങ്ങളുടെ ലംഘനവും പലസ്തീൻ ജനതയ്ക്കെതിരായ കുറ്റകൃത്യങ്ങളും അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രയേലിന്റെ യുഎൻ അംഗത്വം സസ്പെൻഡ് ചെയ്യണമെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ആക്രമണങ്ങളെ അപലപിച്ച സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പലസ്തീൻ – ലബനൻ ജനതയ്ക്കൊപ്പമാണ് സൗദിയെന്ന് വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.