ADVERTISEMENT

ഷാർജ∙ മലയാളിയെ വിമർശിക്കുന്നുവെന്ന് നിലവിളിക്കുന്നവർ ശരാശരി നിലവാരം പോലും ഇല്ലാത്തവരാണെന്നും  എഴുത്തുകാരൻ എന്ന നിലയിൽ ആരിൽ നിന്നും ഒരു അംഗീകാരവും പ്രതീക്ഷിക്കാത്തതുകൊണ്ട്  മലയാളികളുടെ ആക്ഷേപങ്ങളെ  തള്ളിക്കളയുകയാണെന്നും മലയാളം, തമിഴ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബി.ജയമോഹൻ പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നടന്ന പരിപാടിയിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ നിലപാട് വ്യക്തമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിനോദ സഞ്ചാരത്തിനെത്തി തമിഴ്​നാട്ടിലെ കാടുകളിൽ മദ്യക്കുപ്പി വലിച്ചെറിഞ്ഞ് നടത്തുന്ന ആഭാസത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല. 'ആന ഡോക്ടർ' എന്ന നോവലിന്റെ കഥാകാരൻ എന്ന നിലയിൽ മദ്യക്കുപ്പികളുടെ ചില്ല് കാലിൽ തറച്ച് പിടയുന്ന ആനകളുടെ വേദന എനിക്ക് വലുതാണ്. ഇതുപോലെ മദ്യക്കുപ്പികൾ വലിച്ചെറിയുന്ന മലയാളത്തിലെ എഴുത്തുകാരാണ് തന്നെ വിമർശിക്കുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയും മദ്യപരെ പ്രകീത്തിക്കുകയും ചെയ്യുന്ന സിനിമകളോട് എന്നും എതിർപ്പാണെന്നും ജയമോഹൻ പറഞ്ഞു.

ഇന്ത്യയിലെ മിത്തുകളും ഇതിഹാസങ്ങളും കാലാനുസൃതമായി പുനരാഖ്യാനം ചെയ്യപ്പെടണം. അത്തരം പരിശ്രമങ്ങളിലൂടെ മാത്രമേ മിത്തുകളെ ആധുനീകരിക്കാൻ സാധിക്കൂ. മലയാളത്തിൽ പി. കെ. ബാലകൃഷ്ണന്‍റെ ' ഇനി ഞാനുറങ്ങട്ടെ'. എം ടി വാസുദേവൻ നായരുടെ രണ്ടാംമൂഴം എന്നീ കൃതികൾ പുറത്തുവന്നതോടെ മഹാഭാരതത്തിലെ  കഥാപാത്രങ്ങൾക്ക് പുതിയ  സ്വത്വം കൈവന്നു. 

ബി.ജയമോഹൻ സംസാരിക്കുന്നു. ചിത്രം: എസ് ഐബിഎഫ്
ബി.ജയമോഹൻ സംസാരിക്കുന്നു. ചിത്രം: എസ് ഐബിഎഫ്

ഇതര ഭാഷകളിലും സമാനമായ ആഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം ഏതെങ്കിലും ഒരു അധ്യായത്തെയോ കഥാപാത്രത്തെയോ ആധാരമാക്കിയാണ് ചെയ്തത്. എന്നാൽ മഹാഭാരതം എന്ന ബൃഹത്തായ ഇതിഹാസത്തെ സമഗ്രമായി പുനരാഖ്യാനം ചെയ്യാനുള്ള ശ്രമമാണ് 'വെൺ മുരശ്' എന്ന നോവലിലൂടെ നടത്തിയത്. മഹാഭാരതത്തിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് പുതിയ ഭാവുകത്വം നൽകാൻ സാധിക്കുകയും ചെയ്തു. ഇങ്ങനെ ചെയുമ്പോഴാണ് മിത്തിനെ ആധുനീകരിക്കാൻ സാധിക്കുന്നത്.

∙വൈക്കം മുഹമ്മദ് ബഷീറിൽ നിന്ന് അനുഗ്രഹം വാങ്ങി 
|അമ്മയുടെ ഗർഭപാത്രത്തിലായിരിക്കുമ്പോൾ തന്നെ താനൊരു എഴുത്തുകാരനായി മാറിയെന്ന് ജയമോഹൻ പറഞ്ഞു. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആരാകണമെന്ന അധ്യാപികയുടെ ചോദ്യത്തിന് വൈക്കം മുഹമ്മദ് ബഷീർ ആകണം എന്ന ഉത്തരമാണ് ഞാൻ നൽകിയത്. വലുതായപ്പോൾ അമ്മയോടൊപ്പം ബഷീറിനെ കാണാൻ പോയി അനുഗ്രഹം വാങ്ങി. 

സിനിമ ഒരിക്കലും ഒരു ലക്ഷ്യമായിരുന്നില്ല. സിനിമയിൽ സജീവമാകണമെന്ന് സുഹൃത്തും തിരക്കഥാകൃത്തുമായ എ.കെ. ലോഹിതദാസ് എപ്പോഴും സ്നേഹപൂർവം ആവശ്യപ്പെടുമായിരുന്നു. ഒരിക്കൽ ലോഹിതദാസ് പതിനായിരം രൂപ അഡ്വാൻസ് നൽകി. ഇതിന് ശേഷം അദ്ദേഹത്തിന്റെ അസിസ്റ്റന്‍റ് പറഞ്ഞത് ലോഹിതദാസിന്റേത് രാശിയുള്ള കൈകളാണെന്നും 25 വർഷം സിനിമാ രംഗത്ത് സജീവമായി നിൽക്കുമെന്നുമാണ്. ലോഹിതദാസിൽ നിന്ന് ആദ്യ തുക കൈപ്പറ്റിയ ദിലീപ്, മഞ്ജു വാര്യർ, കലാഭവൻ മണി എന്നിവരുടെ വളർച്ച ചൂണ്ടിക്കാണിച്ചാണ് അസിസ്റ്റന്‍റ് ഇക്കാര്യം പറഞ്ഞത്. എന്നാൽ താൻ ഒരിക്കലും സിനിമയുടെ പുറകെ പോയിട്ടില്ലെന്നും സിനിമ തന്നെ തേടി വരികയായിരുന്നു. സാനിയോ ഡാൽഫെ മോഡറേറ്ററായിരുന്നു.

English Summary:

The Practice of Throwing Liquor Bottles in Forests is Unacceptable: B. Jayamohan Reacts to the 'Manjummell Boys' Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com