ADVERTISEMENT

ദുബായ് ∙ വീസ ഏജന്റിന്റെ ചതിയിൽപ്പെട്ട് പതിനൊന്ന് ദിവസം ചൂടും തണുപ്പും സഹിച്ച്, ഭക്ഷണം പോലുമില്ലാതെ പാർക്കിൽ താമസിച്ച മലയാളി യുവാക്കൾ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ഇന്നലെ (തിങ്കൾ) നാട്ടിലേയ്ക്ക് പോയി. 26, 25 വയസ്സുള്ള, തിരുവനന്തപുരം സ്വദേശികളായ സഹോദരന്മാരാണ് ദുരിതപർവം താണ്ടിയ ശേഷം ആശ്വാസത്തോടെ വിമാനം കയറിയത്. ഇവരിൽ ഇളയ സഹോദരനെ ഒരുദിവസം പെട്ടെന്ന് താമസ സ്ഥലത്ത് നിന്ന് കാണാതാവുകയും പിന്നീട് അജ്ഞാതന്റെ മർദനമേറ്റ് ഓർമശക്തിപോലും നഷ്ടപ്പെട്ട അവസ്ഥയിൽ ‌‌അല്‍ നഹ് ദയിൽ കണ്ടെത്തുകയായിരുന്നു. വല്ലാതെ ഭയന്നിരുന്ന യുവാവ് തന്റെ പേര് പോലും മറന്നുപോയിരുന്നു.

രോഗിയായ പിതാവും മാതാവുമടക്കമുള്ള കുടുംബത്തിന്റെ ആശ്രയമായ മൂത്ത സഹോദരൻ 11 മാസം മുൻപാണ് ആദ്യം സന്ദർശക വീസയിൽ യുഎഇയിലെത്തിയത്. ഏറെ അലഞ്ഞെങ്കിലും ബിഎസ്‍സി കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ ഇദ്ദേഹത്തിന് ജോലി ലഭിച്ചില്ല. കൂട്ടുകാരോടൊപ്പം ഖിസൈസിൽ താമസിച്ച് അന്വേഷണം തുടരുന്നതിനിടെ ദുബായിലെ ഒരു മലയാളി കമ്പനിയിൽ ജോലിയുണ്ടെന്ന് നാട്ടിലെ റിക്രൂട്ടിങ് ഏജൻസി അറിയിച്ചതനുസരിച്ച് ഒരു ലക്ഷം രൂപ നൽകി ഇളയ സഹോദരൻ യുഎഇയിലെത്തി.

ഏജൻസിയുടെ യുഎഇയിലെ ആൾക്കാർ ജോലി ശരിയാക്കിക്കൊടുക്കും എന്നായിരുന്നു വാഗ്ദാനം. പക്ഷേ, യുവാവ് യുഎഇയിലെത്തിയെങ്കിലും അവരാരും മുന്നോട്ടുവന്നില്ല. ഇതോടെ ഇയാൾ മൂത്തസഹോദരന്റെ കൂടെ ഖിസൈസിൽ തന്നെ താമസിച്ചുവരികയായിരുന്നു. രണ്ടുപേർക്കും ജോലി ലഭിക്കാതെ കൃത്യമായി ഭക്ഷണം പോലും കഴിക്കാതെ പ്രയാസത്തിലായിരിക്കെയാണ് ഇളയസഹോദരനെ കാണാതായത്. വിവരമറിഞ്ഞ് വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജൻ പ്രസി‍ഡന്റ് ഷൈൻ ചന്ദ്രസേനൻ പ്രശനത്തിലിടപെടുകയും ഇദ്ദേഹവും വേൾഡ് മലയാളി കൗൺസിൽ വൈസ് പ്രസിഡന്റ് രാജേഷ് പിള്ള, ഉമ്മുൽഖുവൈൻ പ്രൊവിൻസ് ചെയർമാൻ തുളസീധരൻ പിള്ള, മിഡിൽ ഈസ്റ്റ് റീജൻ ജനറൽ സെക്രട്ടറി ഡോ. ജെറിൻ വർഗീസ് എന്നിവരും ചേർന്ന് അന്വേഷണമാരംഭിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ദുബായ് പൊലീസിലും പരാതി നൽകിയിരുന്നു. തുടർന്നാണ് യുവാവിനെ അൽ നഹ്ദയിൽ കണ്ടെത്തിയത്. ഓർമശക്തി നഷ്ടപ്പെട്ടതിനാൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ സാധിച്ചില്ലെന്ന് രാജേഷ് പിള്ള മനോരമ ഓൺലൈനിനോട് പറഞ്ഞു. എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് പോകണമെന്നായിരുന്നു ആവശ്യം. മൂത്തയാൾക്ക് ഇതിനിടെ ഒരു സെക്യുരിറ്റി കമ്പനിയിൽ ഇന്റർവ്യൂ കഴിഞ്ഞിരുന്നു. എന്നാൽ, അനുജനെ ഒറ്റയ്ക്ക് നാട്ടിലേയ്ക്ക് അയക്കാൻ പറ്റാത്തതിനാൽ ഇദ്ദേഹവും കൂടെ പോവുകയായിരുന്നു. അനുജനെ നാട്ടിലെത്തിച്ച് മതിയായ ചികിത്സ നൽകണമെന്നാണ് ആഗ്രഹം.

ശേഷം തിരിച്ചുവന്ന് കമ്പനിയിൽ ജോലിയിൽ പ്രവേശിക്കണം. ഇതിനുള്ള സഹായസഹകരണങ്ങൾ നൽകുമെന്ന് ഇരുവർക്കും വിമാന ടിക്കറ്റും മറ്റു സാമ്പത്തികസഹായവും നൽകിയ രാജേഷ് പിള്ള,  തുളസീധരൻ പിള്ള എന്നിവർ പറഞ്ഞു. നാട്ടിൽ നിന്ന് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേയ്ക്ക് തൊഴിൽത്തേടി വരുമ്പോൾ കാര്യമായ അന്വേഷണം നടത്തി കാര്യങ്ങൾ മനസ്സിലാക്കണം, ഒരിക്കലും അപരിചിതർക്ക് പണം നൽകരുത്.

പുതുതലമുറ വാട്സാപ്പിൽ മുഴുകുന്നതല്ലാതെ അയൽപ്പക്കത്തേപ്പോലും മനസ്സിലാക്കാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത് വളരെ നിർഭാഗ്യകരമാണെന്നും കൂട്ടിച്ചേർത്തു. വിജയകരമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ ജോബ് സെല്‍ വഴി ഇരുവര്‍ക്കും ജോലി ശരിയാക്കിക്കൊടുക്കാൻ ശ്രമിക്കും.

∙ ജോലി–വീസ തട്ടിപ്പ് തുടർക്കഥ
ഗൾഫിൽ ജോലി–വീസ തട്ടിപ്പ് തുടർക്കഥയാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് നിലവിൽ തട്ടിപ്പ് ഏറ്റവും ശക്തമായി തുടരുന്നത്. കോവിഡ്–19 കാലത്ത് വ്യാജ റിക്രൂട്ടിങ് ഏജൻസിയുണ്ടാക്കി ഇത്തരത്തിൽ ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരടക്കം 150ലേറെ പേർക്ക് പണം നഷ്ടമായി. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ വലയിൽ വീഴ്ത്തുന്നതെന്ന് ദുബായ് പൊലീസ് സിഐഡി ഡയറക്ടർ ബ്രി. ജമാൽ സാലിം അൽ ജലാഫ് പറഞ്ഞു.

വ്യാജ പരസ്യം നൽകുന്നവരെ ദുബായ് സിഐഡി ജനറൽ വകുപ്പ് ഇക്കണോമിക് ക്രൈംസ് കൺട്രോൾ വിഭാഗം രൂപീകരിച്ച്  നിരീക്ഷിച്ചുവരികയായിരുന്നു. ഈ അന്വേഷണ സംഘം മനുഷ്യവിഭവ - സ്വദേശിവത്കരണ മന്ത്രാലയവുമായി സഹകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ദുബായ് കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഒരു വ്യാജ റിക്രൂട്ടിങ് ഏജൻസി പ്രവർത്തിക്കുന്നതായി ഇക്കണോമിക് ക്രൈംസ് കണ്‍ട്രോൾ വിഭാഗത്തിന് ഫോൺ കോൾ ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഏഷ്യക്കാരനായിരുന്നു ഇതിന്റെ നടത്തിപ്പുകാരൻ. വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് പണവും റസീപ്റ്റുകളും സ്ലിപ്പുകളും മറ്റും കണ്ടെടുത്തു.

∙ ജോലി തട്ടിപ്പ്; ജാഗ്രത പുലർത്തുക
1980കളിൽ തുടങ്ങിയ വീസ–ജോലി തട്ടിപ്പാണ് ഇന്ത്യ–യുഎഇ കേന്ദ്രീകരിച്ച് ഇപ്പോഴും നടന്നുവരുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ദുബായ് വഴി കാനഡയിലേയ്ക്കും ഓസ്ട്രലിയയിലേയ്ക്കും വീസയും ജോലിയും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന കേസുകൾ അടുത്ത കാലത്തായി വർധിച്ചു. ഇത്തരം തട്ടിപ്പുകളിൽ വീണ് പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുമുണ്ട്.

പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയാറാകേണ്ടിയിരിക്കുന്നു. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ എല്ലായ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്.

യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഈടാക്കുകയില്ലെന്നും ഓർമിപ്പിക്കുന്നു. ഒരാൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ വളർന്നുപന്തലിച്ച ഇക്കാലത്ത് വലിയ മെനക്കേടില്ല.

വിദേശത്തെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേയ്ക്ക് കടക്കാവൂ. ഉത്തരേന്ത്യയിലും മറ്റുമാണ് ഇത്തരം തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. ഇതിൽപ്പെട്ട് ഒട്ടേറെ പെൺകുട്ടികളുടെയും യുവതികളുടെയും ജീവിതം നശിക്കുകയും കുടുംബങ്ങൾ തകരുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ സർക്കാർ ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.

English Summary:

Malayali Brothers Finally Return Home after Being Cheated by Visa Agent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com