തെറ്റുപറ്റി ക്ഷമിക്കണം; സൗദിയിൽ എത്തിയിട്ട് 15 ദിവസം, റഹീം പുറത്തിറങ്ങണം എന്നു മാത്രമാണ് ആഗ്രഹം: റഹീമിന്റെ ഉമ്മ
Mail This Article
റിയാദ് ∙ സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന തന്റെ മകന്റെ മോചനം മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് റഹീമിന്റെ ഉമ്മ ഫാത്തിമ. റിയാദിൽ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലും തുടർന്ന് റഹീം സഹായ സമിതി സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുക്കാണ് ഫാത്തിമ ഇക്കാര്യം പറഞ്ഞത്. റഹീം നിയമസഹായ സമിതിയുമായി ബന്ധപ്പെട്ട് കുടുംബത്തിനുണ്ടായിരുന്ന വിയോജിപ്പിന് കാരണം തെറ്റിദ്ധാരണയായിരുന്നു. തെറ്റിദ്ധാരണ മാറിയെന്നും തെറ്റുപറ്റിയതിൽ ക്ഷമിക്കണമെന്നും ഉമ്മ ഫാത്തിമ പറഞ്ഞു.
സൗദി അറേബ്യയിലെത്തിയിട്ട് പതിനഞ്ചു ദിവസമായെങ്കിലും റിയാദില്‍ റഹീമിന്റെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന റഹീം നിയമസഹായസമിതിയെ ഒരിക്കല്‍ മാത്രമാണ് ബന്ധപ്പെടാന്‍ ശ്രമിച്ചത്. ചെയര്‍മാന്‍ സി.പി മുസ്തഫയെ വിളിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചില്ല. ഈ വിഷയത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന നിയമ സഹായസമിതിക്കും മാധ്യമങ്ങള്‍ക്കും നന്ദിയുണ്ടെന്ന് റഹീമിന്റെ സഹോദരന്‍ നസീര്‍ പറഞ്ഞു.
കെ.എം.സി.സി നേതാവ് അഷ്റഫ് വേങ്ങാട്ട് ആയിരുന്നു 17 വര്‍ഷത്തോളം കേസ് നടത്തിയത്. എല്ലാ രേഖകളും നല്‍കിയിരുന്നു. അവസാനമാണ് രേഖകള്‍ നല്‍കാതെ പോയത്. അതിന് കാരണമായി പറയുന്നത് ഞാന്‍ രേഖകള്‍ പുറത്തുവിട്ടെന്നാണ്. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും നസീർ പറഞ്ഞു. സൗദിയില്‍ വന്ന് മരിച്ച സൗദി ബാലന്റെ കുടുംബത്തെ കാണാന്‍ നേരത്തെ അബഹയിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് കുറ്റിച്ചല്‍ വഴി ശ്രമം നടത്തിയെങ്കിലും എംബസി അനുമതി നല്‍കിയില്ല. ഏകദേശം രണ്ടുവര്‍ഷം മുമ്പാണ് കുടുംബത്തെ കാണാൻ ശ്രമിച്ചതെന്നും നസീർ പറഞ്ഞു.
റഹീമിനെ കാണുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് റിയാദിൽ എത്തിയത്. ആദ്യം കാണാൻ റഹീം സമ്മതിച്ചില്ലെങ്കിലും പിന്നീട് എംബസിയുടെയും അറ്റോർണി സിദ്ദീഖ് തുവ്വൂരിന്റെയും ശ്രമഫലമായാണ് റഹീമിനെ കണ്ടത്. ഏകദേശം അരമണിക്കൂറോളം ഉമ്മയും മകനും കൂടിക്കാഴ്ച നടത്തി. മകൻ എത്രയും വേഗം തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിന് വേണ്ടിയാണ് പ്രാർഥിക്കുന്നതെന്നും ഫാത്തിമ പറഞ്ഞു.