ഗതാഗതക്കുരുക്ക് കുറയ്ക്കും; ഫ്ലെക്സിബിൾ ജോലിസമയം പ്രോത്സാഹിപ്പിക്കാൻ ദുബായ്
Mail This Article
ദുബായ് ∙ ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ (ഫ്ലെക്സിബിൾ) വിദൂര ജോലിയോ (റിമോട്ട് വർക്ക്) നൽകിയാൽ തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്ക് 30% കുറയ്ക്കാനാകുമെന്ന് സർവേ റിപ്പോർട്ട്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്മെന്റും ചേർന്ന് നടത്തിയ 2 സർവേകളിലാണ് ഈ കണ്ടെത്തൽ. 2 മണിക്കൂർ വ്യത്യാസത്തിൽ ജീവനക്കാരുടെ ജോലി സമയം ക്രമീകരിച്ചും മാസത്തിൽ നാലോ അഞ്ചോ ദിവസം വിദൂര ജോലിക്ക് അവസരം നൽകിയും ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്നാണ് കണ്ടെത്തൽ.
ദുബായിലെ 20% ജീവനക്കാർ ഒരു ദിവസം വിദൂര ജോലി ചെയ്യുകയാണെങ്കിൽ ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതക്കുരുക്ക് 9.8 ശതമാനവും അൽഖൈൽ റോഡിൽ 8.4 ശതമാനവും കുറയും. ഫ്ലെക്സിബിൾ ജോലി ഏർപ്പെടുത്തിയാൽ ഇതു യഥാക്രമം 5.7%, 5% ഗതാഗതക്കുരുക്ക് കുറയ്ക്കും. ആദ്യ സർവേയിൽ 644 കമ്പനികളിലെ 3.2 ലക്ഷം ജീവനക്കാരും രണ്ടാമത്തെ സർവേയിൽ 12,000 ജീവനക്കാരും പങ്കെടുത്തു. 32% സ്വകാര്യ കമ്പനികളും വിദൂര വർക്ക് നയങ്ങൾ നടപ്പാക്കുന്നുണ്ട്.
58% കമ്പനികൾ വിദൂര ജോലി വിപുലീകരിക്കാൻ സന്നദ്ധത അറിയിച്ചു. കൂടാതെ, 31% കമ്പനികൾ ജീവനക്കാർക്ക് അനുയോജ്മായ ജോലി സമയം തിരഞ്ഞെടുക്കാൻ അവസരം നൽകിയിട്ടുണ്ട്. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകിയ ദുബായ് ഗതാഗത നയത്തെ തുടർന്ന് സർവേ നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഉൽപാദനക്ഷമതയും ജീവിത നിലവാരവും സന്തുലിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നടപടികളനുസരിച്ച് പ്രവൃത്തി സമയത്തിൽ പൊതു, സ്വകാര്യ മേഖലകൾക്ക് ഭേദഗതി വരുത്താവുന്നതാണ്.
കോവിഡിനിടെ 2020ൽ അവതരിപ്പിച്ച വിദൂര തൊഴിൽ നയത്തിനുശേഷം മിക്ക സർക്കാർ സ്ഥാപനങ്ങളിലും അത് കോർപറേറ്റ് സംസ്കാരത്തിന്റെ ഭാഗമായി മാറി. ഈ സ്ഥാപനങ്ങളിൽ 80% ജീവനക്കാർക്ക് ആഴ്ചയിൽ 2 ദിവസം വിദൂര ജോലി ചെയ്യാനുള്ള അവസരം നൽകുന്നുണ്ട്. സർവേപ്രകാരം ദുബായിലെ 87% സർക്കാർ ജീവനക്കാരും വ്യക്തിപരമായ ആവശ്യങ്ങൾക്ക് അനുസൃതമായി ഫ്ലെക്സിബിൾ ജോലി സമയം തിരഞ്ഞെടുക്കുന്നുണ്ട്.
ചില സർക്കാർ സ്ഥാപനങ്ങൾ രാവിലെ 6.30നും 8.30 നും ഇടയിൽ ജോലി ആരംഭിക്കുന്നതിന് അവസരം നൽകി. ഇതുമൂലം തിരക്കിൽപെടാതെ ഓഫിസിലും വീടുകളിലും എത്താൻ സഹായിക്കുന്നതിനാൽ ഫ്ലെക്സിബിൾ സമയവും റിമോട്ട് വർക്കും പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയിലാണ് ദുബായ്.