ADVERTISEMENT

ദുബായ് ∙ ക്രിമിനൽ ഡേറ്റ അനാലിസിസ് സെന്റർ ഉൾപ്പെടെ 200 കോടി ദിർഹത്തിന്റെ ദുബായ് പൊലീസ് പദ്ധതികൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. 

അൽ റുവയ്യയിൽ ദുബായ് പൊലീസ് അക്കാദമി കെട്ടിടം, ഹത്തയിൽ പ്രത്യേക പരിശീലന കേന്ദ്രം, ഫൊറൻസിക് സയൻസിനായി പുതിയ കെട്ടിടം എന്നിവ പദ്ധതികളിൽ ഉൾപ്പെടും. അതിവേഗം വികസിക്കുന്ന ദുബായിൽ പൊലീസിന്റെ ഉത്തരവാദിത്തങ്ങളും ചുമതലകളും വർധിക്കുന്നുണ്ടെന്നും അതിനാൽ ലോകോത്തര സേവനം ഉറപ്പാക്കുന്നതിനാണ് നവീന പദ്ധതികളെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സുരക്ഷയും സ്ഥിരതയും മൂല്യവത്തായ കറൻസിയും രാജ്യത്തിന്റെ വികസന തുടർച്ചയ്ക്കും അഭിവൃദ്ധിക്കും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

155 ഹെക്ടർ വിസ്തൃതിയിൽ അൽ റുവയ്യയിൽ സജ്ജമാക്കുന്ന പുതിയ പൊലീസ് അക്കാദമിയിൽ 2,500 പുരുഷ-വനിതാ കെഡറ്റുകൾക്കും വിദ്യാർഥികൾക്കും താമസിക്കാം. ഇതിൽ 4 പ്രധാന സോണുകൾ ഉണ്ടാകും. 1,200 കെഡറ്റ് ഓഫിസർമാരെ ഉൾക്കൊള്ളുന്ന താമസമേഖല, ലക്ച്ചർ ഹാളുകൾ, സ്റ്റാഫ് ഓഫിസുകൾ, 1,000 പേർക്കിരിക്കാവുന്ന തിയറ്റർ എന്നിവയുണ്ടാകും. ഒളിംപിക്സ് മാനദണ്ഡപ്രകാരമുള്ള നീന്തൽക്കുളം, ഔട്ഡോർ കോർട്ടുകൾ, കായിക താരങ്ങൾക്ക് താമസിക്കാവുന്ന 26 മുറികളുള്ള ഒരു ഹോട്ടൽ എന്നിവയുമുണ്ടാകും. പരിശീലന കേന്ദ്രം, 3.5 കിലോമീറ്റർ സൈക്ലിങ്, റണ്ണിങ് ട്രാക്ക് എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. 100 കോടി ദിർഹം ചെലവുവരുന്ന പദ്ധതി 2027ൽ പൂർത്തിയാകും. 

ഹത്തയിലെ പരിശീലനകേന്ദ്രത്തിൽ സ്പോർട്സ് ഫീൽഡ്, ഷൂട്ടിങ് റേഞ്ച്, സ്പോർട്സ് കോംപ്ലക്സ് എന്നിവ ഉൾപ്പെടും. താമസസൗകര്യങ്ങൾ, ക്ലാസ്മുറികൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസുകൾ, പരിശീലന മേഖല എന്നിവ അടുത്തവർഷം സജ്ജമാകും. നിർമിതബുദ്ധി ഉപയോഗപ്പെടുത്തി കുറ്റകൃത്യങ്ങൾ തടയുക, സുരക്ഷ ഉറപ്പാക്കുക എന്നിവയ്ക്കായി 30 കോടി ദിർഹത്തിന്റെ മറ്റൊരു പദ്ധതിയും പ്രഖ്യാപിച്ചു. ഉമ്മുൽ ദമാനിലെ പൊലീസ് ഭവന പദ്ധതിയിൽ 6 കെട്ടിടങ്ങൾ, 246 അപ്പാർട്മെന്റുകൾ ഇൻഡോർ– ഔട്ഡോർ കായിക സൗകര്യങ്ങൾ, നീന്തൽക്കുളം, റസ്റ്ററന്റുകൾ, കടകൾ എന്നിവയും ഉൾപ്പെടും. 

ഓർഗനൈസേഷൻ പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി ആൻഡ് എമർജൻസി ജനറൽ ഡിപ്പാർട്മെന്റിനായുള്ള പുതിയ കെട്ടിടത്തിൽ ലക്ചർ ഹാൾ, റസിഡൻഷ്യൽ ക്വാർട്ടേഴ്സ്, 2 സ്പോർട്സ് ആൻഡ് സോഷ്യൽ സെന്ററുകൾ, പൊതുസേവന കെട്ടിടം, സ്പോർട്സ് മൈതാനങ്ങൾ, പാർക്കിങ് സൗകര്യം എന്നിവയുമുണ്ടാകും. ബർദുബായ് പൊലീസ് സ്റ്റേഷന്റെ വിപുലീകരണവും ഫൊറൻസിക് മെഡിസിൻ കെട്ടിടവും ഫ്ലോട്ടിങ് സ്മാർട്ട് പൊലീസ് സ്റ്റേഷനും പദ്ധതികളിലുണ്ട്.

English Summary:

Sheikh Mohammed launches new police projects worth 200 crore dirhams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com