യുഎഇയിൽ ചൂടും മഴയും കൂടുമെന്ന് മുന്നറിയിപ്പ്
Mail This Article
അബുദാബി ∙ യുഎഇയിൽ 10 വർഷത്തിനകം മഴയും താപനിലയും വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയുടെ തീവ്രത 10 മുതൽ 20 ശതമാനം വരെ വർധിക്കുമ്പോൾ താപനില 1.7 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) ഡയറക്ടർ ഡോ.മുഹമ്മദ് അൽ അബ്രി സൂചിപ്പിച്ചു.
ഏപ്രിലിൽ അനുഭവപ്പെട്ട അസാധാരണ മഴയ്ക്ക് സമാനമായി രാജ്യം കടുത്ത കാലാവസ്ഥാ മാറ്റങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. അതു മുന്നിൽ കണ്ട് സജീവമായ ആസൂത്രണം നടത്തണമെന്നും പ്രതിസന്ധിയും പ്രകൃതിദുരന്ത മാനേജ്മെന്റും എന്ന വിഷയത്തിൽ ദുബായ് പൊലീസ് സംഘടിപ്പിച്ച സെമിനാറിൽ അദ്ദേഹം പറഞ്ഞു.
ഈ മാറ്റങ്ങളെ നേരിടാൻ, നിർണായക ഡേറ്റ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും കരയിലും കടലിലുമുള്ള 140 കാലാവസ്ഥാ സ്റ്റേഷനുകൾ, 7 കാലാവസ്ഥാ റഡാറുകൾ, മറ്റു നൂതന നിരീക്ഷണ ഉപകരണങ്ങൾ എന്നിവ വ്യാപകമാക്കി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കുന്ന പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാൻ യുഎഇ സജ്ജമാണെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.