ലോകകപ്പ് യോഗ്യത: ഒമാന് ഇന്ന് പലസ്തീനെ നേരിടും
Mail This Article
മസ്‌കത്ത് ∙ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഒമാന്‍ ഇന്ന് പലസ്തീനെ നേരിടും. ബൗശറിലെ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ രാത്രി എട്ട് മണിക്കാണ് കിക്കോഫ്. അടുത്ത ഘട്ടത്തിലേക്കുള്ള സാധ്യത നിലനിര്‍ത്തുന്നതിന് ഒമാന് ഇന്ന് വിജയം അനിവാര്യമാണ്. ഇന്നത്തെ മത്സരത്തില്‍ വിജയം ഏറെ പ്രധാനമാണെന്ന് ഒമാന്‍ പരിശീലകന്‍ റശീദ് ജാബിര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിചയ സമ്പന്നരും പുതുമുഖങ്ങളും സ്‌ക്വാഡിലുണ്ട്. കഴിഞ്ഞ മത്സരങ്ങളില്‍ പലസ്തീന്‍ മികച്ച പ്രകടനമാണ് നടത്തിയത്.
എന്നാല്‍, തന്റെ കളിക്കാര്‍ അവസരത്തിനൊത്ത് ഉയരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും റശീദ് ജാബിര്‍ പറഞ്ഞു. ഇന്നത്തെ മത്സരം എളുപ്പമായിരിക്കില്ലെന്ന് ഒമാന്റെ മുന്നേറ്റ താരം മുഹ്‌സിന്‍ അല്‍ ഗസ്സാനി പറഞ്ഞു. വിജയം മാത്രമാണ് ലക്ഷ്യം. അതിനായി ടീം പൂര്‍ണമായും തയാറാണ്. നമ്മുടെ സ്വന്തം മണ്ണിലും ആരാധകരുടെ മുന്നിലും ഞങ്ങളുടെ രൂപം എപ്പോഴും വ്യത്യസ്തമാണ്. ആരാധകരെ സന്തോഷിപ്പിക്കുക എന്നതാണ് ഞങ്ങളുടെ സ്വപ്‌നമെന്നും മുഹ്‌സിന്‍ അല്‍ ഗസ്സാനി പറഞ്ഞു.
നവംബര്‍ 19ന് ഇറാഖിനെതിരെയാണ് ഒമാന്റെ അടുത്ത മത്സരം. തുടര്‍ന്ന് അടുത്ത വര്‍ഷം മാര്‍ച്ചിലാണ് മത്സരങ്ങള്‍ നടക്കുക. മാര്‍ച്ച് 20ന് കൊറിയയെയും 25ന് കുവൈത്തിനെയും നേരിടും. തുടര്‍ന്ന് ജൂണ്‍ അഞ്ചിന് ജോര്‍ദാനുമായും 10ന് പലസ്തീനുമായും ഏറ്റുമുട്ടും.