ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയുമായി ദുബായ് പൊലീസ്
Mail This Article
ദുബായ് ∙ ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി ദുബായ് പൊലീസ്. അനധികൃത വാഹന പരിഷ്‌കരണങ്ങൾ കാരണം വലിയ ശബ്ദത്തിനും ശല്യത്തിനും 23 വാഹനങ്ങളും മൂന്ന് മോട്ടർ ബൈക്കുകളും 24 മണിക്കൂറിനുള്ളിൽ അൽ ഖവാനീജ് ഏരിയയിൽ നിന്ന് ദുബായ് പൊലീസ് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
നിയമലംഘകർക്കെതിരെ 24 ട്രാഫിക് പിഴ ചുമത്തിയിട്ടുണ്ടെന്നും പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിനുള്ള പിഴ 10,000 ദിർഹം വരെയാകുമെന്നും ദുബായ് പൊലീസിലെ ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.
എൻജിൻ സ്പീഡ് വർധിപ്പിക്കുകയും ശബ്ദവും ശല്യവും ജനവാസ മേഖലകളിൽ താമസിക്കുന്നവർക്ക് അപകടവും ഉണ്ടാക്കുന്ന സാങ്കേതികവിദ്യകൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിനെതിരെ അദ്ദേഹം ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും പൊതു സുരക്ഷയും അപകടകരമാക്കുകയും റോഡുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുംവിധം അശ്രദ്ധമായും പരുക്കനായും വാഹനമോടിക്കുന്നതിനെതിരെയും ശക്തമായ നടപടി സ്വീകരിക്കും.
ദുബായ് പൊലീസിന്‍റെ സ്‌മാർട്ട് ആപ്പിൽ ലഭ്യമായ 'പൊലീസ് ഐ' അല്ലെങ്കിൽ 'വി ആർ ഓൾ പൊലീസ്' സേവനങ്ങൾ വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ നിഷേധാത്മകമായ പെരുമാറ്റങ്ങൾ റിപ്പോർട്ട് ചെയ്യാനും 'എല്ലാവർക്കും സുരക്ഷിതമായ റോഡ്' ക്യാംപെയ്നിനെ പിന്തുണയ്ക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ചു.