അബ്ദുൽ റഹീമിന്റെ മോചനത്തിനായി ലഭിച്ചത് 47.87 കോടി രൂപ, ചെലവ് 36.27 കോടി, ബാക്കി തുക എന്തു ചെയ്യണമെന്ന് റഹീം എത്തിയ ശേഷം തീരുമാനിക്കും
Mail This Article
കോഴിക്കോട്∙ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനത്തിന് വേണ്ടി പിരിച്ചത് 47.87 കോടി രൂപയാണെന്ന് റഹീം നിയമസഹായ സമിതി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് റഹീം നിയമസഹായ സമിതി ഇക്കാര്യം അറിയിച്ചത്. മോചനത്തിന് ആവശ്യമായ ദയധനവും അഭിഭാഷകന്‍റെ ചെലവും അടക്കും 36.27 കോടി രൂപ ഇതോടകം ചെലവിട്ടു. 11.60 കോടി രൂപയാണ് ഇനി ബാക്കിയുള്ളതെന്നും ഇത് എന്തു ചെയ്യണമെന്ന് റഹീം തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്നും റഹീം നിയമസഹായ സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സമൂഹമാധ്യമങ്ങൾ വഴി ചിലർ തെറ്റായ വിവരങ്ങളും അപവാദ പ്രചാരണങ്ങളും തുടരുന്ന സഹചര്യത്തിലാണ് കണക്കുകൾ പുറത്തുവിട്ടത്. റഹീമിന്‍റെ കേസ് അടുത്ത 17-ന് റിയാദിലെ കോടതി പരിഗണിക്കും. റഹീമിന്‍റെ മോചന ഉത്തരവ് 17-ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, 18 വര്‍ഷമായി തുടരുന്ന നിയമപോരാട്ടങ്ങള്‍ക്ക് പരിസമാപ്തി കുറിക്കാനിരിക്കെ റിയാദിലെത്തിയ അബ്ദുറഹീമിന്റെ ബന്ധുക്കള്‍ക്ക് മുന്നില്‍ കേസിന്റെ നാള്‍വഴികള്‍ വിശദീകരിച്ച് റിയാദ് റഹീം നിയമസഹായ സമിതി. വധശിക്ഷ ഒഴിവായി ജയിലില്‍ നിന്ന് അബ്ദുൽ റഹീം പുറത്തുവരുമ്പോള്‍ അതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ടെന്നും എട്ടുകാലി മമ്മൂഞ്ഞികള്‍ അതെടുത്തോട്ടെയെന്നും റഹീമിനെ നാട്ടിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും റഹീമിന്റെ സഹോദരന്‍ നസീറിനെയും അമ്മാവന്‍ അബ്ദുല്‍ മജീദിനെയും സാക്ഷിനിര്‍ത്തി സമിതി നിലപാട് വ്യക്തമാക്കി. തന്റെ മകനെ രക്ഷിക്കാന്‍ ഒപ്പം നിന്നവര്‍ക്ക് ദൈവം പ്രതിഫലം നല്‍കട്ടെയെന്നും സഹായസമിതിയോട് നന്ദിയുണ്ടെന്നും വേദിയിലിരുന്ന് റഹീമിന്റെ മാതാവ് ഫാത്തിമയും പറഞ്ഞു
റിയാദ് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിലാണ് റിയാദ് സഹായ സമിതിയും റഹീമിന്റെ ബന്ധുക്കളും കണ്ടുമുട്ടിയത്. റിയാദിലെ എല്ലാ സംഘടനകളില്‍ പെട്ടവരും അംഗങ്ങളായ സഹായസമിതിയുടെ യോഗത്തില്‍ നിരവധി പേര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതം പറഞ്ഞു. റഹീം മോചനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്തവരാണ് റിയാദ് നിയമസഹായ സമിതി. എല്ലാ പരിമിതികള്‍ക്കിടയിലും റഹീമിന് വേണ്ടി എല്ലാ സംഘടനകളും ഒന്നിച്ചുനിന്നു. എന്നാല്‍ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് പോലും പലപ്പോഴും അനാവശ്യവിമര്‍ശനങ്ങളുണ്ടായി.
കേസ് അന്തിമഘട്ടത്തിലെത്തിയപ്പോള്‍ ചിലര്‍ എട്ടുകാലി മമ്മൂഞ്ഞികളായി രംഗത്തുവന്നിരിക്കുകയാണ്. ഈ കേസ് ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. 18 വര്‍ഷമായി റിയാദിന്റെ നന്മ മനസ്സുകള്‍ ഏറ്റുപിടിച്ചതാണ്. അതിന്റെ ഫലമാണ് വധശിക്ഷയില്‍ നിന്ന് മോചനത്തിന് വഴിയൊരുങ്ങിയത്. വൈകാതെ ജയില്‍ മോചനവും ഉണ്ടാവും. ഫെയ്‌സ്ബുക്കിലും മറ്റും ഇരുന്ന് ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യങ്ങളറിയില്ല. റഹീമിന്റെ കുടുംബം കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.