പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിന് സംയുക്ത ഓപ്പറേഷനുമായി യുഎഇ; 58 പ്രതികൾ പിടിയിൽ
Mail This Article
ദുബായ് ∙ കോംഗോ നദീതടത്തിലെ പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിന് യുഎഇ ആരംഭിച്ച സംയുക്ത ഓപ്പറേഷനിൽ 58 പ്രതികൾ പിടിയിൽ. ഇതിന് പുറമെ, അനധികൃത ഖനനത്തിൽ നിന്ന് 32 കിലോഗ്രാം സ്വർണം പിടിച്ചെടുക്കുകയും ചെയ്തു. മൃഗങ്ങളുടെ തൊലി, രോമങ്ങൾ, ആനക്കൊമ്പ് എന്നിവ ഉൾപ്പെടെ പിടിച്ചെടുത്തു. 11 ദശലക്ഷം ഡോളറും കണ്ടുകെട്ടി.
അംഗോള, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഗാബോൺ, സൗത്ത് സുഡാൻ, സാംബിയ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയും യുഎഇയുടെ നേതൃത്വത്തിലും 'ജംഗിൾ ഷീൽഡ്' എന്ന പേരിൽ 14 ദിവസത്തെ ഓപ്പറേഷനാണ് നടത്തിയത്. ഓഫിസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈം, എൻവയോൺമെന്‍റൽ സിസ്റ്റം റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ലുസാക്ക കൺവെൻഷൻ ടാസ്‌ക് ഫോഴ്‌സ് എന്നിവർ അണിനിരന്നു.
കൂടാതെ, യുണൈറ്റഡ് നേഷൻസ് ഓഫിസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈം, എൻവയോൺമെന്‍റൽ സിസ്റ്റംസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ലുസാക്ക എഗ്രിമെന്‍റ് ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയ രാജ്യാന്തര സംഘടനകളും പ്രവർത്തനത്തിന്‍റെ ഏകോപനത്തിൽ നിർണായക പങ്കുവഹിച്ചു. ഇന്‍റർനാഷനൽ ലോ എൻഫോഴ്‌സ്‌മെന്‍റ് ഫോർ ക്ലൈമറ്റ് ഇനിഷ്യേറ്റീവിന്‍റെ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ ഉദ്യമം.
രാജ്യാന്തര കാലാവസ്ഥാ പ്രവർത്തനങ്ങളോടുള്ള യുഎഇയുടെ വിശാലമായ പ്രതിബദ്ധതയുടെ ഭാഗമായുള്ള 14 ദിവസത്തെ ഓപ്പറേഷൻ വിജയിച്ചതായി യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. സമ്പന്നമായ ജൈവവൈവിധ്യത്തിന് പേരുകേട്ടതും എന്നാൽ അനധികൃത ഖനനവും വനനശീകരണവും വൻതോതിൽ ബാധിച്ചതുമായ പ്രദേശമായ കോംഗോ ബേസിനിലെ പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ ലക്ഷ്യമിട്ടായിരുന്നു പ്രവർത്തനം.