പൂച്ചകൾക്ക് ഇവിടം സ്വർഗമാണ്; ഫാമിനോടു ചേർന്ന് ഇബ്രാഹിം ഒരുക്കിയ സ്നേഹവീട്
Mail This Article
അൽഖസിം ∙ കഴിഞ്ഞ 18 വർഷമായി പൂച്ചകളെ പരിപാലിച്ച് ഓമനിച്ച് വളർത്തുകയാണ് അൽഖസിം സ്വദേശിയായ സൗദി പൗരൻ ഇബ്രാഹിം അൽ ഹംദാൻ. ഒന്നും രണ്ടുമല്ല 200ലേറെ പൂച്ചകളാണ് ഫാമിനോട് ചേർന്നുള്ള സ്വകാര്യ വളർത്തുകേന്ദ്രത്തിലെ സ്നേഹ തണലിൽ വളരുന്നത്. പലരും തെരുവിൽ ഉപേക്ഷിച്ച മുന്തിയ ഇനം പൂച്ചകൾ മുതൽ പലതരത്തിലും പല നിറങ്ങളിലുമുള്ള സുന്ദരന്മാരും സുന്ദരിമാരും കുസൃതികളുമായി കളിച്ചു കഴിയുകയാണ്. എല്ലാവർക്കും അവശ്യമായ പരിചരണവും ആഹാരവുമൊക്കെ നൽകാൻ എത്തുന്ന ഇബ്രാഹിം അൽ ഹംദാന്റെ വരവിന്റെ സമയം മുൻകൂട്ടി തിരിച്ചറിയുന്ന പൂച്ച സംഘം പതിവ് സമയമാകുമ്പോൾ കാത്തിരിക്കുന്ന കാഴ്ച കൗതുകമുണ്ടാക്കും.
ഫാമിനോടു ചേർന്നാണ് ഇരുന്നൂറിലേറെ വരുന്ന പൂച്ചകളുടെ കൂടുകളൊരുക്കിയിക്കുന്നത്. വിശാലമായ കേന്ദ്രത്തിനു പുറത്തേക്ക് പോവാതിരിക്കാൻ ചുറ്റും മതിയായ വേലികെട്ടിയാണ് സംരക്ഷണം ഒരുക്കിയിരിക്കുന്നത്. സമയാസമയം തങ്ങൾക്കാവശ്യമായ വെള്ളവും ഭക്ഷണവുമൊക്കെ എത്തിച്ചു തരാൻ ആളുള്ളതിനാൽ ആർക്കും പുറത്തേക്ക് ചാടിപ്പോകാനും താൽപര്യമില്ല. ഇടയ്ക്ക് ചിലരൊക്കെ മൂപ്പുമുറയെടുത്ത് ചീറികൊണ്ട് തമ്മിൽ തല്ലു നടത്തുമെങ്കിലും ഇബ്രാഹിമിന്റെ പാദചലനം കേൾക്കുമ്പോഴെ എല്ലാവരും നല്ല കുട്ടികളായ് മാറും പിന്നെ തന്റെ കാലിൽ മുട്ടിഉരുമ്മി സ്നേഹം പ്രകടിപ്പിക്കാനുള്ള മത്സരവും നടത്തും.
ചെറുപ്പം മുതലെ പൂച്ചകളുമായി വല്ലാത്തൊരു ചങ്ങാത്തമുണ്ടായിരുന്നുവെന്നും പിന്നീട് പലകാലത്തായി പല ഇനത്തെ കൂട്ടി വളർത്തുകയായിരുന്നു. പൂച്ചകളെ പോറ്റി വളർത്തുന്നത് കൂടുതൽ ഗൗരവത്തിലെടുത്തിട്ട് രണ്ടു പതിറ്റാണ്ടിനടുത്താവുന്നു. നീണ്ട കാലമായി തുടരുന്ന പൂച്ചപ്രേമം കൊണ്ട് തന്നെ ഇവയുടെ എല്ലാ രീതികളും ശീലങ്ങളും പെരുമാറ്റങ്ങളും വളർച്ചയുടെ ഓരോ ഘട്ടത്തിലുമുള്ള വ്യത്യാസങ്ങളുമൊക്കെ തിരിച്ചറിയാൻ ഇബ്രാഹിമിന് അനുഭവസമ്പത്തുണ്ട്. എല്ലാ ദിവസവും കൃത്യമായി പൂച്ചവളർത്തൽ കേന്ദ്രത്തിലെത്താൻ മറക്കാത്ത ഇബ്രാഹിം അവയ്ക്കാവശ്യമായ എല്ലാ സുരക്ഷിതത്വവും നൽകിയാണ് പോറ്റുന്നത്. എല്ലാ ദിവസവും അതിരാവിലെയുള്ള സുബഹി നമസ്കാരത്തിനു ശേഷം നേരെ മാർജ്ജാര സംഘത്തിനടുത്തേക്കാണ് പോവുന്നത്.
വരവ് വെറുതയല്ലെന്നും തങ്ങൾക്കുള്ള ഭക്ഷണവുമായാണ് എത്തുന്നതുമെന്നും അറിയാവുന്ന പൂച്ചകൾ അതിരാവിലെ തന്നെ കാത്തിരിപ്പുണ്ടാവും. കള്ളഉറക്കം നടിച്ചു കിടക്കുന്നവരും ഇബ്രാഹിം എത്തുന്നതോടെ ഉഷാറാവും. പിന്നെ എല്ലാവരും തിക്കിതിരക്കി ഇബ്രാഹിം നൽകുന്ന പൂച്ചതീറ്റ അകത്താക്കും. എല്ലാ വൈകുന്നേരവും പതിവ് തന്റെ വകയായുള്ള പതിവ് റേഷനുമായി എത്തുന്ന ഇബ്രാഹിമിനു മുന്നിൽ തങ്ങളുടെ പങ്കു പറ്റാൻ എല്ലാവരും കൃത്യമായി എത്താറുണ്ട്. ഓരോരുത്തരേയും തനിക്ക് അവയുടെ പ്രത്യേകതകൾ കൊണ്ട് തന്നെതിരിച്ചറിയാനാവുമെന്നും പ്രജനന കാലം മുതൽ പ്രത്യേക പരിചരണം നൽകാറുണ്ടെന്നും വെറ്റിനറി ഡോക്ടർമാരടക്കമുള്ളവരുടെ സേവനം ലഭ്യമാണെന്നും ഇബ്രാഹിം പറയുന്നു.
കൂടുകളും പരിസരവും സമയാസമയങ്ങളിൽ വൃത്തിയാക്കുന്നതോടൊപ്പം അണുനാശിനികൾ ഉപയോഗിച്ച് ശുദ്ധീകരിക്കും. എല്ലാ പൂച്ചകൾക്കും ശുചിത്വവും ആരോഗ്യവും നിലനിർത്തുന്നതിനു വേണ്ടുന്നത് എല്ലാം ചെയ്യുന്നു.
വീടുകളിലൊക്കെ വളർത്തുന്നത് മടുത്തവരും ബുദ്ധിമുട്ടായി മാറിയ പൂച്ചകളെ നിരവധി പേരാണ് ഉപേക്ഷിക്കാനാവാതെ തന്റെ വളർത്തു കേന്ദ്രത്തിൽ കൊണ്ടു തരുന്നത്. റിയാദ്, ദമാം എന്നിവിടങ്ങളിൽ നിന്നടക്കം പൂച്ചകളെ വളർത്തുന്ന പലരും ചികിത്സയും മരുന്നും വളർത്തുന്ന രീതിയും ഭക്ഷണക്രമവുമൊക്കെ അറിയാനും പഠിച്ചുമനസ്സിലാക്കാനും തന്നെ ബന്ധപ്പെടാറുണ്ടെന്നും ഇബ്രാഹിം പറയുന്നു. താൻ സ്ഥലത്തില്ലാത്തപ്പോഴും വരും കാലത്തും അവയെ പരിപാലിക്കണമെന്നും മക്കളോട് ഉപദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. സൗദിയിലെ പ്രാദേശിക വാർത്താ ചാനലുകൾക്കും സാമൂഹിക മാധ്യമങ്ങളിലുമൊക്കെ ഇബ്രാഹിം അൽ ഹംദാനും പൂച്ചകളും കാഴ്ചയും വാർത്താ വിശേഷമായും പലവട്ടംഇടംപിടിച്ചിട്ടുണ്ട്.