കുവൈത്തില്‍ നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാടുകടത്തി
Mail This Article
കുവൈത്ത് സിറ്റി ∙ ഈ മാസം 11 മുതല്‍ 14 വരെയുള്ള ദിവസങ്ങളിൽ കുവൈത്തില്‍ നിന്ന് 497 വിദേശികളെ വിവിധ കാരണങ്ങളാല്‍ നാട് കടത്തിയെന്ന് ആഭ്യന്തര മന്ത്രാലയം. റസിഡന്‍സി-തൊഴില്‍ നിയമ ലംഘനങ്ങള്‍ കേസുകളില്‍ അകപ്പെട്ടവരാണ് അധികവും. നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചാണ് നാല് ദിവസം കൊണ്ട് ഇത്രയും പേരെ തിരിച്ചയച്ചത്. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബായുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി, എല്ലാ ഗവര്‍ണറേറ്റുകളിലും റസിഡന്‍സി-തൊഴില്‍ നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ച് വരുന്നത്.
റസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഈ മാസം 11 മുതല്‍ 14 വരെ നിരവധി സുരക്ഷാ പ്രചാരണങ്ങളും പരിശോധനകളും നടത്തി. ഈ ദിവസങ്ങളില്‍ നിയമ ലംഘകരായ 385 പ്രവാസികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ നാടുകടത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരുകയാണന്നും അധികൃതര്‍ അറിയിച്ചു. നിയമലംഘകര്‍ക്ക് ഒപ്പം അവരുടെ തൊഴിലുടമകളെയും ഉത്തരവാദികളാക്കാനുള്ള നീക്കം മന്ത്രാലയം തുടങ്ങിയിട്ടുണ്ട്.