ഖത്തർ ഡയബറ്റിസ് അസോസിയേഷൻ വാക്കത്തോൺ സംഘടിപ്പിച്ചു
Mail This Article
ദോഹ ∙ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഖത്തർ ഡയബറ്റിസ് അസോസിയേഷൻ (ക്യുഡിഎ) ആസ്പയർ പാർക്കിൽ വാക്കത്തോൺ സംഘടിപ്പിച്ചു. 'പ്രമേഹവും ക്ഷേമവും' എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കാളികളായി. ഉച്ചകഴിഞ്ഞ് 2.30ന് പരിപാടികൾ ആരംഭിച്ചു. 4 മണിക്ക് നടന്ന വാക്കത്തോണിൽ കുടുംബങ്ങളും സ്‌കൂൾ വിദ്യാർഥികളും വിവിധ സംഘടനപ്രതിനിധികളും ഉൾപ്പെടെ പങ്കാളികളായി. ഏതാണ്ട് 12,000 പേരാണ് വാക്കത്തോണിനായി ഒത്തുകൂടിയത്.
പ്രമേഹത്തെ കുറിച്ച് ബോധവൽക്കരണം നടത്തുകയും ഖത്തറിൽ പ്രമേഹമുള്ളവരെ തിരിച്ചറിയുകയും ചെയ്യുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ സൗജന്യ പരിശോധന, പ്രമേഹ പ്രതിരോധത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. വാക്കത്തോണിലൂടെയും മറ്റ് പരിപാടികളിലൂടെയും, പ്രമേഹത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാൻ സാധിച്ചതായി ഖത്തർ ഡയബറ്റിക് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ അബ്ദുല്ല അൽ ഹമഖ് പറഞ്ഞു.
2045-ഓടെ, പ്രായപൂർത്തിയായ എട്ടിൽ ഒരാൾ അല്ലെങ്കിൽ ഏകദേശം 783 ദശലക്ഷം ആളുകൾ പ്രമേഹബാധിതരായിരിക്കുമെന്ന് ഐഡിഎഫ് കണക്കാക്കുന്നത്. അതിനാൽ, പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും തടയുന്നതിനുമുള്ള ആദ്യപടിയാണ് പ്രമേഹത്തെ മനസ്സിലാക്കുക എന്ന സന്ദേശം ആളുകളിലേക്ക് എത്തിക്കുക എന്നത്. രോഗനിർണയവും സമയബന്ധിതമായ ചികിത്സയും സ്വീകരിക്കാൻ ആളുകൾ തയാറാവണമെന്നും ഡോ. അൽ-ഹമാഖ് കൂട്ടിച്ചേർത്തു.
ഖത്തർ സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ, ഖത്തർ വനിതാ സ്‌പോർട്‌സ് കമ്മിറ്റി, ഖത്തർ ചെസ് ഫെഡറേഷൻ, പാരീസ് സെന്റ് ജർമൻ അക്കാദമി ഖത്തർ അൽ-റാമി ക്ലബ് തുടങ്ങിയ സ്ഥാപനങ്ങളും സംഘടനകളും വാക്കത്തോണിൽ പങ്കെടുത്തു.