6 ദശലക്ഷം സന്ദർശകരുമായി റിയാദ് സീസണിൽ റെക്കോർഡ് ജനതിരക്ക്
Mail This Article
റിയാദ് ∙ 5 ആഴ്ചകൾക്കുള്ളിൽ 6 ദശലക്ഷം സന്ദർശകരുമായി റിയാദ് സീസണിൽ റെക്കോർഡ് ജനതിരക്ക് സൗദി ജനറൽ എൻ്റർടൈൻമെൻ്റ് അതോറിറ്റിയുടെ (GEA) ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാൻ തുർക്കി അൽ ഷെയ്ഖാണ് ഇക്കാര്യം അറിയിച്ചത്. "കിംഗ്ഡം അരീന"ക്ക് സമീപം പുതുതായി സമാരംഭിച്ച മേഖലയായ "ദി വെന്യു", അതുപോലെ "ബൊലെവാർഡ് സിറ്റി", "ബൊലെവാർഡ് വേൾഡ്", "സൂ", "അൽ-സുവൈദി പാർക്ക്" എന്നിവയും ഈ സുപ്രധാനമായ ജനപങ്കാളിത്തത്തിന് കാരണമായ മേഖലകളിൽ ഉൾപ്പെടുന്നു.
പൊതുജനങ്ങൾക്കായി ഒരാഴ്ച മുമ്പ് തുറന്ന "വണ്ടർ ഗാർഡൻ" വൻതോതിൽ സന്ദർശകരെ ആകർഷിക്കുകയാണ്. റിയാദിലെ 5-നക്ഷത്ര ഹോട്ടലുകൾ ഈയിടെ 97 ശതമാനം താമസ നിരക്കിൽ എത്തിയെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. സൗദി വിൻ്റർ ഇവൻ്റ് കലണ്ടർ, റിയാദ് സീസൺ, തലസ്ഥാനത്ത് നടന്ന നിരവധി രാജ്യാന്തര സമ്മേളനങ്ങൾ എന്നിവയാണ് ടൂറിസത്തിലെ ഈ കുതിച്ചുചാട്ടത്തിന് കാരണം.
ടൂറിസം മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിന് പ്രാദേശികവും രാജ്യാന്തര തലത്തിലും സന്ദർശകർക്ക് വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾക്ക് ലൈസൻസ് നൽകുന്ന പ്രക്രിയ ടൂറിസം മന്ത്രാലയം കാര്യക്ഷമമാക്കുന്നുണ്ട്. 2024 ൻ്റെ ആദ്യ പകുതിയിൽ 8.8 ദശലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളെയും 1.3 ദശലക്ഷം രാജ്യാന്തര വിനോദസഞ്ചാരികളെയും റിയാദ് സ്വാഗതം ചെയ്തു എന്നതും ശ്രദ്ധേയമാണ്.