'നന്ദി, ആ സ്വദേശി യുവാവിന്'; ദുബായ് ബീച്ചിൽ മകനെ നഷ്ടമായി, ഉള്ളുലയ്ക്കുന്ന വാക്കുകളുമായി മലയാളി പിതാവ്
Mail This Article
ദുബായ് ∙ നന്ദി, ആ സ്വദേശി യുവാവിന്; എന്റെ മോളെയെങ്കിലും രക്ഷിച്ചതിന്–കഴിഞ്ഞ ദിവസം ദുബായ് മംസാർ ബീച്ചിൽ കടലിൽ മുങ്ങി മരിച്ച കാസർകോട് ചെങ്കള സ്വദേശി അഹമദ് അബ്ദുല്ല മഫാസി(15)ന്റെ പിതാവ് മുഹമ്മദ് അഷ്റഫിന്റേതാണ് ഉള്ളുലയ്ക്കുന്ന ഇൗ വാക്കുകൾ. മകൻ നഷ്ടപ്പെട്ടതിന്റെ സങ്കടക്കടലിൽ ആണ്ടിറങ്ങുമ്പോഴും മകള്‍ ഫാത്തിമയെ മരണത്തിൽ നിന്ന് രക്ഷിച്ച സ്വദേശി യുവാവിന് നന്ദി പറയുകയാണ് ഇദ്ദേഹം.
വാരാന്ത്യ അവധി ദിവസത്തിന് തലേന്ന് (വെള്ളി) രാത്രി മുഹമ്മദ് അഷ്റഫും ഭാര്യയും നാല് മക്കളും മംസാർ ബീച്ചിൽ എത്തിയതായിരുന്നു. കൂട്ടുകാരോടൊപ്പം പോകണം എന്ന് മഫാസ് ആഗ്രഹിച്ചിരുന്നുവെങ്കിലും പിതാവിന്റെ നിർദേശാനുസരണം കുടുംബത്തോടൊപ്പം ചേർന്നു. രാത്രി പത്തോടെ മുഹമ്മദ് അഷ്റഫ് വാഷ് റൂമിലേക്ക് പോയപ്പോഴായിരുന്നു എല്ലാവരെയും കണ്ണീരാഴ്ത്തിയ അപകടമുണ്ടായത്.
തന്നോടൊപ്പം കടലിലിറങ്ങാൻ മഫാസിനോട് ഫാത്തിമ ആവശ്യപ്പെട്ടു. ഇരുവർക്കും നീന്തലറിയാമെങ്കിലും കടലിലിറങ്ങിയപ്പോൾ ശക്തമായ തിരയിൽപ്പെട്ടു. മഫാസ് ഒഴുക്കിൽപ്പെട്ടു കാണാതായി. അലറി വിളിച്ച ഫാത്തിമയെ അവിടെയുണ്ടായിരുന്ന സ്വദേശി യുവാവാണ് രക്ഷിച്ചത്. ദുബായ് പോർട്ട് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതനുസരിച്ച് ഉടൻ സ്ഥലത്തെത്തിയ പൊലീസും തീരദേശസേനയുടെ മുങ്ങൽ വിദഗ്ധരുടെയും സഹായത്തോടെ മഫാസിന് വേണ്ടി ഏറെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. കുടുംബവും ബന്ധുക്കളും മഫാസിന്റെ കൂട്ടുകാരുമെല്ലാം ജീവനോടെ തിരിച്ചെത്താൻ പ്രാർഥനയോടെ കഴിഞ്ഞെങ്കിലും ശനിയാഴ്ച വൈകിട്ടോടെ മൃതദേഹം കണ്ടെത്തി. ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ 10–ാം തരം വിദ്യാർഥിയാണ് മഫാസ്. ഫാത്തിമ എംബിഎ വിദ്യാർഥിയും. കുടുംബത്തിലെ മൂന്നാമത്തെ മകനാണ് മഫാസ്. ഫാത്തിമയാണ് മൂത്തത്. മഫാസിന് 2 സഹോദരന്മാരുണ്ട്. മഫാസിന്റെ മൃതദേഹം ദുബായിൽ കബറടക്കി.
∙പൊലീസ് മുന്നറിയിപ്പ് തുടരുന്നു
നിരോധിത മേഖലകളിലും രാത്രിയിലും കടലിൽ നീന്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദുബായ് തുറമുഖ പൊലീസിലെ ഉദ്യോഗസ്ഥർ നിരന്തരം മുന്നറിയിപ്പ് നൽകിവരുന്നു. ജുമൈറ, അൽ മംസാർ ബീച്ചുകളിൽ ഫീൽഡ് സന്ദർശനം നടത്തുകയും മാർഗനിർദേശങ്ങൾ നടത്തുകയും ചെയ്തുവരുന്നു. ബീച്ച് യാത്രക്കാർക്കും ബീച്ച് ബഗ്ഗി ഡ്രൈവർമാർക്കുമുള്ള ബോധവത്കരണം നടത്തുന്നതിനായി ലഘുലേഖകൾ അറബികിലും ഇംഗ്ലിഷിലും വിതരണം ചെയ്തുവരുന്നു.