ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് പുതിയ കേന്ദ്രം
Mail This Article
ഷാർജ ∙ ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് (എസ്ഐബിഎഫ്) പുതിയ കേന്ദ്രം വരുന്നു. പുതിയ സൈറ്റ് അനുവദിക്കാൻ ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശം നൽകി. ഷാർജ വലിയ പള്ളിക്ക് എതിർവശത്തായി എമിറേറ്റ്സ് റോഡിൽ സ്ഥിതി ചെയ്യുന്ന സ്ഥലം ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പുസ്തകമേളയ്ക്ക് വേദിയായി മാറുമെന്ന് ഷാർജ മീഡിയ ഓഫിസ് അറിയിച്ചു.
ലോകത്തെങ്ങുമുള്ള പ്രസാധകരെയും എഴുത്തുകാരെയും വായനക്കാരെയും ആകർഷിക്കുന്ന ഈ വലിയ സാഹിത്യ പരിപാടി ഷാർജ എക്‌സ്‌പോ സെന്ററിലാണ് വർഷങ്ങളായി നടന്നുവരുന്നത്. ഇപ്രാവശ്യം 19 ലക്ഷത്തോളം പേർ 12 ദിവസം നീണ്ടുനിന്ന മേള സന്ദർശിച്ചു. മേളയുടെ വൈവിധ്യമാർന്ന പരിപാടികൾക്കും പ്രദർശകർക്കും സന്ദർശകർക്കും ഉൾക്കൊള്ളാൻ മതിയായ സ്ഥലവും സൗകര്യങ്ങളും ഒരുക്കിയാണ് പരിപാടി നടത്തിയിരുന്നതെങ്കിലും, വാഹന പാർക്കിങ് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പുതിയ സ്ഥലത്ത് എല്ലാ ആധുനിക സൗകര്യങ്ങളോട് കൂടിയായിരിക്കും കെട്ടിടസമുച്ചയം ഉയരുക.