ദുബായിൽ അശ്രദ്ധമായി പാർക്ക് ചെയ്ത വാഹനം വെള്ളത്തിൽ വീണു
Mail This Article
ദുബായ് ∙ ദുബായിൽ അശ്രദ്ധമായി പാർക്ക് ചെയ്ത വാഹനം തെന്നിനീങ്ങി വെള്ളത്തിൽവീണു. അൽ ഹംറിയ ഏരിയയിലായിരുന്നു സംഭവം. ഡ്രൈവർ വാഹനം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പാർക്ക് ചെയ്ത ശേഷം സുഹൃത്തുക്കളോട് സംസാരിക്കാൻ വേണ്ടി പെട്ടെന്ന് പുറത്തിറങ്ങിയപ്പോൾ വാർഫിൽ നിന്ന് തെന്നി നീങ്ങി കടലിൽ പതിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
തുറമുഖ പൊലീസ് സ്റ്റേഷൻ മാരിടൈം റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റിലെ മുങ്ങൽ വിദഗ്ധർ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് റെസ്‌ക്യൂവിന്റെ സഹകരണത്തോടെയാണ് വാഹനം കരയ്ക്കെടുത്തതെന്ന് തുറമുഖ പൊലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ കേണൽ അലി അബ്ദുല്ല അൽ ഖുസിബ് അൽ നഖ്ബി പറഞ്ഞു. വാഹനം സുരക്ഷിതമാക്കാൻ ഹാൻഡ് ബ്രേക്ക് ശരിയായി ഉപയോഗിക്കാത്തതായിരുന്നു പ്രശ്നം. തണ്ണിമത്തൻ കയറ്റി വന്ന വാഹനമാണ് കടലിൽ വീണത്.
മറൈൻ സെക്യൂരിറ്റി പട്രോളിങ്ങും പ്രാദേശിക മാരിടൈം യൂണിറ്റിലെ ഒരു സംഘവും പിന്തുണയ്‌ക്കുന്ന മാരിടൈം റെസ്‌ക്യൂ പട്രോളിങ് അതിവേഗം രക്ഷാപ്രവർത്തനം നടത്തി. ക്രെയിനുമായി ബന്ധിപ്പിച്ച കയർ ഉപയോഗിച്ച് വാഹനം സുരക്ഷിതമാക്കിയ ശേഷം വാർഫിലേക്ക് ഉയർത്തുകയായിരുന്നു.