ADVERTISEMENT

ദുബായ് ∙ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ച് ദുബായ് രാജ്യാന്തര വിമാനത്താവളം. ഈ വർഷം ആദ്യ 9 മാസത്തിനിടെ 6.8 കോടി യാത്രക്കാരെ ദുബായ് സ്വാഗതം ചെയ്തു. ഇതിൽ 89 ലക്ഷം യാത്രക്കാരുമായി ഇന്ത്യയാണ് ഒന്നാമത്. ദുബായിലേക്കുള്ള ഇന്ത്യക്കാരുടെ വരവ് കൂടുന്നതാണ് ഇതു സൂചിപ്പിക്കുന്നത്. വിമാന സർവീസുകളുടെ എണ്ണത്തിലും വർധനയുണ്ട്. 3,27,700 വിമാനങ്ങളിലാണ് ഇത്രയും പേർ യാത്ര ചെയ്തത്. ‌വിമാന സേവനത്തിൽ 99.3 ശതമാനം കൃത്യത പാലിക്കാനും ദുബായിക്കായി. വിമാനം ലാൻഡ് ചെയ്ത് 45 മിനിറ്റിനകം 92% ബാഗേജുകളും തിരിച്ചുനൽകി. 

ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി യാത്രക്കാരുടെ എണ്ണം 3.5% വർധിച്ച് 2.3 കോടി ആകുമെന്നാണ് പ്രതീക്ഷ. ശൈത്യകാല അവധിക്കും ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾക്കുമായി നാട്ടിലേക്കു പോകുന്നവരും യുഎഇയുടെ ശൈത്യകാലം ആസ്വദിക്കാൻ സാധ്യതയുള്ള അതിഥികളും ദുബായ് എയർപോർട്ടിലെ തിരക്ക് കൂട്ടുമെന്നാണ് കണക്കുകൂട്ടൽ.

ഈ വർഷം മൂന്നാം പാദം 2.37 കോടി യാത്രക്കാർ ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 6.3% വർധന. ഇതിനെക്കാൾ തിരക്കാണ് അവസാന പാദത്തിൽ പ്രതീക്ഷിക്കുന്നതെന്ന് ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്സ് പറഞ്ഞു. 

ലോകോത്തര സേവനങ്ങളും മികച്ച ആതിഥ്യമര്യാദയുമാണ് 10 വർഷത്തിലേറെയായി ദുബായിയെ ഒന്നാം സ്ഥാനത്ത് നിലനിർത്തുന്നത്. സ്മാർട്ട് സംവിധാനങ്ങളിലൂടെ നിമിഷ നേരംകൊണ്ട് യാത്രാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്നു എന്നതും ദുബായുടെ പ്രത്യേകതയാണ്.

ഇന്ത്യക്കാരുടെ ഇഷ്ടകേന്ദ്രം
ദുബായിലെത്തിയ വിദേശികളിൽ ഇന്ത്യക്കാരാണ് ഒന്നാമത്. 89 ലക്ഷം യാത്രക്കാരാണ് 9 മാസത്തിനിടെ ദുബായിലെത്തിയത്. മുൻ വർഷത്തെക്കാൾ 5.6 ശതമാനം വർധന. 56 ലക്ഷം പേരുമായി സൗദിയാണ് രണ്ടാമത്. യുകെ (46 ലക്ഷം), പാക്കിസ്ഥാൻ (34 ലക്ഷം), യുഎസ് (26 ലക്ഷം), ജർമനി (20 ലക്ഷം) എന്നീ രാജ്യക്കാരാണ് തൊട്ടുപിന്നിൽ. ഇതേസമയം യുഎഇയിൽനിന്ന് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് ലണ്ടനിലേക്കാണ്, 29 ലക്ഷം പേർ. റിയാദ് (23 ലക്ഷം), മുംബൈ (18 ലക്ഷം), ജിദ്ദ (17 ലക്ഷം), ന്യൂഡൽഹി (16 ലക്ഷം), ഇസ്തംബുൾ (13 ലക്ഷം) എന്നിവയാണ് മറ്റു മുൻനിര നഗരങ്ങൾ.

English Summary:

Dubai Airport Welcomes 6.8 Crore Passengers in 9 Months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com