ആരിഫ്ജാന്‍ ക്യാംപിൽ സ്ഫോടനം നടത്താൻ പദ്ധതി; ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥന് 10 വര്‍ഷം തടവ്
Mail This Article
കുവൈത്ത്സിറ്റി ∙ യുഎസ് ആര്‍മിയുടെ നിയന്ത്രണത്തിലുള്ള ആരിഫ്ജാന്‍ ക്യാംപില്‍ സ്ഫോടനം നടത്താനുള്ള നീക്കത്തിന് ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥന് ക്രിമിനല്‍ കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സഹപ്രവര്‍ത്തകനെ പ്രേരിപ്പിച്ച് സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ക്യാംപില്‍ ആക്രമണം നടത്താനുള്ള പദ്ധതി സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസ് കണ്ടെത്തി.
സ്ഫോടന നീക്കത്തോടൊപ്പം, തീവ്രവാദ സംഘടനയായ ഐഎസിനെ പിന്തുണയ്ക്കുന്ന വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതി പോസ്റ്റും ചെയ്തിരുന്നു. മറ്റുള്ളവരെ ഐഎസില്‍ ചേരാന്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഐഎസുമായി ബന്ധമുണ്ടെന്നും ആരിഫ്ജാന്‍ ക്യാംപിനെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും പബ്ലിക് പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്.