5 ദിവസമായി മകൻ കാണാമറയത്ത്; അമ്മയ്ക്ക് ലഭിച്ച അജ്ഞാത വനിതയുടെ ഫോൺ കോൾ, തേടിയെത്തിയത് സന്തോഷ വാർത്ത
Mail This Article
അബുദാബി∙ അഞ്ച് ദിവസം മുൻപ് കാണാതായ 20 വയസ്സുള്ള മകനെ സുരക്ഷിതനായി കണ്ടെത്തിയതിൽ സന്തോഷവതിയാണ് ദുബായിൽ പ്രവാസിയായ ഫിലിപ്പിനോ സ്വദേശിയായ അന്നബെൽ ഹിലോ അബിങ്. സമൂഹ മാധ്യമത്തിലൂടെ നൽകിയ അറിയിപ്പിനെ തുടർന്ന് നടത്തിയ തിരച്ചിലിനെ തുടർന്ന് മകനെ കണ്ടെത്താൻ കഴിഞ്ഞത്.
ഈ മാസം14ന് മകൻ മാർക്ക് ലെസ്റ്റർ അബിങ് വീട് വിട്ടുപോയതിനെ തുടർന്ന് അന്നബെൽ വളരെ ആശങ്കയിലായിരുന്നു. സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച അപേക്ഷയെ തുടർന്ന് നിരവധി പേർ മകനെ കണ്ടെത്താൻ സഹായിച്ചതായി അമ്മ അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം, അന്നബെൽ ഫേസ്ബുക്ക് പ്രൊഫൈലിൽ മകനെ കാണാതായ വിവരം പങ്കുവച്ചു. ഈ പോസ്റ്റ് വൈറലായി. തുടർന്ന് രാജ്യാന്തര മാധ്യമങ്ങളിൽ ഉൾപ്പെടെ ഇക്കാര്യം വാർത്തയായി. തൊട്ടുപിന്നാലെ, മകനെ കണ്ടെത്തിയെന്ന വിവരം അന്നബെല്ലിന് ലഭിച്ചു.
ബംഗ്ലാദേശ് കോൺസുലേറ്റിന് പിന്നിലുള്ള ഹോർ അൽ അൻസ് ഏരിയയിൽ വെച്ച് മാർക്ക് ലെസ്റ്ററെ കണ്ടെത്തിയെന്ന് ഒരു സ്ത്രീ അന്നബെലിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് അന്നബെൽ അവിടെ എത്തി മകനെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് മകനെ ചെക്കപ്പിനായി അന്നബെൽ ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോയി. ഡോക്ടർമാർ മകന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് വിലയിരുത്തി.
മാർക്ക് ലെസ്റ്ററിന് സ്കീസോഫ്രീനിയ രോഗിയാണ്. മൂന്നാഴ്ച മുമ്പും ഇതുപോലെ അദ്ദേഹം വീട് വിട്ടുപോയിരുന്നു. മകനെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും അന്നബെൽ നന്ദി പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെ വിവരം വ്യാപകമായി പങ്കുവെച്ചതിനും സഹായം വാഗ്ദാനം ചെയ്തവർക്കും അവർ നന്ദി അറിയിച്ചു.