സമുദ്ര പരേഡും കലാപരിപാടികളുമായി അബുദാബി ബോട്ട് ഷോയ്ക്ക് തുടക്കം
Mail This Article
അബുദാബി ∙ സമുദ്ര സഞ്ചാരവും മത്സ്യബന്ധനവും ചരക്കുനീക്കവും കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള നൂതന സംവിധാനങ്ങൾ പരിചയപ്പെടുത്തി അബുദാബി രാജ്യാന്തര ബോട്ട് ഷോയ്ക്ക് തുടക്കമായി.
നാഷനൽ എക്സിബിഷൻ സെന്ററിലും മറീനയിലുമായാണ് പ്രദർശനം. ആഢംബര ബോട്ടുകള്‍, യോട്ടുകള്‍, അണ്ടര്‍വാട്ടര്‍ ജെറ്റ്, പായ്ക്കപ്പലുകള്‍, ഹൗസ് ബോട്ട്, മത്സ്യബന്ധന ഉപകരണങ്ങൾ, വാട്ടർ സ്‌പോർട്‌സ് തുടങ്ങി ഏറ്റവും പുതിയ ഉൽപന്നങ്ങളും സേവനങ്ങളുമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
സമുദ്ര ജീവിതശൈലിയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും ജല കായിക, വിനോദ സംവിധാനങ്ങളും സേവനങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ദിവസേന രാവിലെ 11 മുതൽ രാത്രി 9 വരെയാണ് പ്രവേശനമെന്ന് അഡ്നെക് ഗ്രൂപ്പ് സിഇഒ ഹുമൈദ് മതർ അൽ ദാഹിരി പറഞ്ഞു. ലക്സംബർഗ്, ഗ്രീസ്, സ്വീഡൻ, ഈജിപ്ത്, ബഹ്റൈൻ, റഷ്യ എന്നിവ ഉൾപ്പെടെ 56 രാജ്യങ്ങളിൽനിന്നുള്ള 813 പ്രദർശകർ മേളയ്ക്കെത്തി. മൊത്തം ബോട്ടുകളുടെ എണ്ണം 66% വർധിച്ചു. മറീനയിലെത്തിയ ബോട്ടുകളുടെ എണ്ണം 127 ശതമാനവും 15 മീറ്ററിൽ കൂടുതൽ നീളമുള്ള ബോട്ടുകളുടെ എണ്ണത്തിൽ 50% ശതമാനവും വർധനയുണ്ട്.
ഇതോടനുബന്ധിച്ച് ദിവസേന സമുദ്ര പരേഡും വിവിധ കലാപരിപാടികളും വെടിക്കെട്ടും ഉണ്ടായിരിക്കും. സന്ദർശകർക്ക് സൗജന്യ ബോട്ട് ടൂറും ആസ്വദിക്കാം. ബോട്ട് ഷോ ഈ മാസം 24 വരെ തുടരും.