ADVERTISEMENT

റിയാദ് ∙ ലിഫ്റ്റ് ചോദിച്ച് കയറിയ വാഹനം അപകടത്തിൽ പെട്ട് ബിഹാർ സ്വദേശി അഷ്റഫ് അലി (25) മരിച്ചു. റിയാദിലെ അൽഖർജ് അൽമറായ് റോഡിലാണ് സംഭവം. 20 ദിവസമായി തിരിച്ചറിയാത്ത ഇന്ത്യകാരന്റെ മൃതദേഹവുമായി ബന്ധപ്പെട്ട് കേളി അൽഖർജ് ജീവകാരുണ്യ കമ്മിറ്റി കൺവീനർ നാസർ പൊന്നാനിയെ പൊലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. 

പൊലീസ് പറയുന്നതനുസരിച്ച് 20 ദിവസങ്ങൾക്ക് മുൻപ് അൽമറായ്‌  റോഡിൽ രണ്ട് ട്രെയിലറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. പൂർണ്ണമായും തകർന്ന രണ്ടു വാഹനങ്ങളിലെയും ഡ്രൈവർമാരായ  പാക്കിസ്ഥാനിയും, നേപ്പാളിയും തിരിച്ചറിഞ്ഞു. എന്നാൽ മൂന്നാമത്തെ ആൾ ആരെന്നോ ഏത് രാജ്യക്കാരാണെന്നോ അറിയാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പാക്കിസ്ഥാനിയുടെ വാഹനത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലിഫ്റ്റ് ചോദിച്ചു കയറിയതാവാം എന്ന്  പൊലീസ് പറഞ്ഞു. 

ആശുപത്രിയിൽ എത്തിച്ച സമയത്ത് മൃതദേഹത്തിൽ നിന്നും ലഭിച്ച വസ്തുക്കളിൽ നിന്നും പൊലീസിന് ഇഖാമ നമ്പർ ലഭിക്കുകയും അതുമായി നടത്തിയ പരിശോധനയിൽ ഇന്ത്യകാരനാണെന്ന് മനസ്സിലായതിനെ തുടർന്നാണ് പൊലീസ് നാസറിനെ വിളിച്ചു വരുത്തി വിവരങ്ങൾ കൈമാറിയത്. നാസർ പൊന്നാനി ഇന്ത്യൻ എംബസിയിൽ വിവരമറിയിക്കുകയും പൊലീസ് നൽകിയ രേഖകളിൽ നിന്നും കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന് സ്പോൺസറുമായി ബന്ധപ്പെട്ടപ്പോൾ ഒരു വർഷം മുൻപ് ഹെവി ഡ്രൈവർ ജോലിക്കായി എത്തിയ അഷ്റഫ് അലി, ഇഖാമ കിട്ടിയതിനു ശേഷം ജോലിക്ക് ഹാജരായിട്ടില്ലെന്നും തുടർന്ന് ഉറൂബ് ആക്കിയതായും അതിനാൽ തന്നെ മറ്റ് നടപടികളുമായി സഹകരിക്കാൻ തയാറല്ലെന്നും സ്പോൺസർ അറിയിച്ചു. 

വ്യാഴാഴ്ച വൈകിട്ട് എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ പ്രവീൺകുമാർ, ഹരീഷ്, ശ്യാമ പ്രസാദ്, റിനീഫ് എന്നിവർ മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 

English Summary:

Bihar Native Died in an Accident in Riyadh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com