ഇന്ത്യയിൽ സ്വർണവില യുഎഇയിലേക്കാൾ കുറവോ?, നികുതി അടയ്ക്കാതെ എത്ര രൂപയുടെ സ്വർണം നാട്ടിൽ കൊണ്ടുവരാം; അറിയാം വിശദമായി
Mail This Article
ദുബായ് ∙ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ എന്നും തിളങ്ങി നില്‍ക്കുന്ന ലോഹമാണ് സ്വർണം. വില കൂടുമ്പോഴും കുറയുമ്പോഴും സ്വർണത്തിന്റെ സുരക്ഷിത നിക്ഷേപ പദവിക്ക് മാറ്റൊട്ടും കുറയുന്നില്ലെന്നുളളതാണ് യാഥാർഥ്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണപ്രേമികള്‍ ഉയർത്തിയ സംശയമായിരുന്നു, ഇന്ത്യയില്‍ നിന്ന് സ്വർണം വാങ്ങുമ്പോള്‍ നല്‍കുന്ന വില യുഎഇയില്‍ നല്‍കുന്നതിനേക്കാള്‍ കുറവാണോ എന്നത്. എന്താണ് ഇതിന്റെ യാഥാർഥ്യം.
ഇന്ത്യ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമാക്കി കുറച്ചിരുന്നു. ഇത് മുന്‍നിർത്തിയാണ് ഇത്തരത്തിലൊരു ചർച്ച ഉയർന്നുവന്നത്. ഇറക്കുമതി തീരുവ കുറച്ചത് യുഎഇയില്‍ നിന്നും ഇന്ത്യയില്‍ നിന്നും സ്വർണം വാങ്ങുമ്പോള്‍ വിലയിലുണ്ടാകുന്ന വ്യത്യാസത്തില്‍ കുറവ് വരുത്തുക മാത്രമാണ് ചെയ്തതെന്നാണ് സ്വർണ വ്യാപാരികള്‍ പറയുന്നത്.
യുഎഇയില്‍ ഇത് വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന മാസങ്ങളാണ്. ക്രിസ്മസ് പുതുവത്സര അവധിയില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും സന്ദർശകരുടെ എണ്ണത്തില്‍ ഗണ്യമായ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. യുഎഇയില്‍ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വ്യാഴാഴ്ച 298.75 ദിർഹമാണ് വില. ഒരു ദിർഹത്തിന് 23 രൂപയെന്ന വിനിമയ നിരക്കില്‍ കണക്കാക്കിയാല്‍ 6871.25 ഇന്ത്യന്‍ രൂപ. അതേസമയം വ്യാഴാഴ്ച ഇന്ത്യയില്‍ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 7145 രൂപയാണ് നല്‍കേണ്ടത്. യുഎഇയിലെ വാറ്റും ഇന്ത്യയിലെ ജിഎസ് ടിയും കണക്കുകൂട്ടിയാലും ഈ വ്യത്യാസം പ്രകടമാണ്. യുഎഇയിലെത്തുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളില്‍ മിക്കവരും യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവരവരുടെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളിലെ പണം ഉപയോഗിച്ച് അവർക്ക് യുഎഇയില്‍ സ്വർണം വാങ്ങുന്നതിന് സാധിക്കും.
യുഎഇയില്‍ ടൂറിസ്റ്റ് വീസയിലെത്തുന്നവർക്ക് രാജ്യം വിടുമ്പോള്‍ യുഎഇയില്‍നിന്ന് വാങ്ങിച്ച സാധനങ്ങളുടെ വാറ്റ് (നികുതി ) തുക തിരികെ കിട്ടാനുളള സംവിധാനം ഒരുക്കിയിട്ടുണ്ട്. സ്വർണത്തിനും ഇത് ബാധകമാണ്. വാറ്റുള്‍പ്പടെയുളള നിരക്ക് കൊടുത്തുവാങ്ങുന്ന സ്വർണത്തിന് ആ തുക തിരികെ ലഭിക്കുമ്പോള്‍ ആകെ നല്‍കിയ തുക വീണ്ടും കുറയുമെന്നർത്ഥം. ഇന്ത്യയിലെ നിയമ വ്യവസ്ഥ അനുസരിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് നികുതി അടയ്ക്കാതെ സ്ത്രീയ്ക്ക് 100000 രൂപയുടെ സ്വർണവും പുരുഷന് 50,000 രൂപയുടെ സ്വർണവും കൊണ്ടുവരാം.