റാസൽഖൈമയിലെ ജെബൽ ജെയ്സിലെ കാഴ്ചകൾ ആസ്വദിച്ച് ഷെയ്ഖ് ഹംദാൻ
Mail This Article
ദുബായ്∙ രാജ്യം തണുപ്പിലേക്ക് ആഴ്ന്നിറങ്ങുന്നതിന് മുൻപേ മലമുകളിൽ കാലാവസ്ഥ മാറി. റാസൽഖൈമയിലെ ജെബൽ ജെയ്സിലെ തണുത്ത കാലാവസ്ഥ ആസ്വദിക്കാൻ യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ജെബൽ ജെയ്സിലെ വിഡിയോയും ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കിട്ടു.
വടക്ക്-പടിഞ്ഞാറൻ ഹജർ ശ്രേണിയുടെ ഭാഗമാണ് ഈ പർവതങ്ങൾ. ജെബൽ ജെയ്‌സ് എന്ന് എഴുതിയ ലൊക്കേഷൻ ടാഗിനൊപ്പം അദ്ദേഹം താപനില സ്റ്റിക്കറും ചേർത്തു. അത് പർവതങ്ങളിൽ ആ ദിവസത്തെ ഉച്ചയ്ക്കത്തെ താപനില 21 ഡിഗ്രി സെൽഷ്യസ് ആണെന്ന് സൂചിപ്പിച്ചു. നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ഇന്ന് ഏതാണ്ട് ഇതേ സമയത്താണ് താപനില 32 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയത്. രാജ്യത്തിന്‍റെ തീരപ്രദേശങ്ങളിൽ താപനില 28 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന നിലയിലായിരുന്നു.
16.7 ദശലക്ഷം ഫോളോവേഴ്‌സുള്ള ഷെയ്ഖ് ഹംദാൻ പങ്കിട്ട രണ്ട് ഫോട്ടോകളിൽ പർവതങ്ങളിൽ നിഴൽ വീഴ്ത്തുന്ന മേഘങ്ങളുടെ സൗന്ദര്യം കാണാനാകും. വിസിറ്റ് ജബൽ ജെയ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം ജബൽ ജെയ്സ് പർവതശിഖരം സമുദ്രനിരപ്പിൽ നിന്ന് 1,934 മീറ്റർ ഉയരത്തിലാണ്.
100 കിലോമീറ്റർ വീതിയും 700 കിലോമീറ്റർ നീളവുമുള്ള ഇത് യുഎഇ, ഒമാൻ എന്നീ രണ്ട് രാജ്യങ്ങളെ ചുറ്റിപ്പറ്റി നിലകൊള്ളുന്നു. ഈ മേഖലയിലെ ഏറ്റവും ഉയർന്ന പർവതനിരയാണിത്. 70 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അറേബ്യൻ-യൂറേഷ്യൻ കൺവേർജന്‍റ് പ്ലേറ്റ് അതിർത്തിക്കടുത്തുള്ള ഭൂഖണ്ഡാന്തര കൂട്ടിയിടി മൂലമാണ് ഹജർ പർവതങ്ങൾ രൂപപ്പെട്ടതെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
ജെബൽ ജെയ്സിൽ തണുപ്പുകാലത്ത് ആയിരക്കണക്കിന് സന്ദേശകരാണെത്തുന്നത്. ഇന്ത്യയിൽ നിന്നടക്കം സന്ദർശനത്തിനെത്തുന്നവർ ഈ മനോഹര മലനിരയ്ക്ക് മുകളിലെത്താതെ പോകാറില്ല. പ്രകൃതി സ്നേഹികളെയും ഈ സ്ഥലം ആകർഷിക്കുന്നു. ജെബൽ ജെയ്‌സ് പർവതശിഖരത്തിന് തണുപ്പിക്കുന്ന മൈക്രോക്ലൈമേറ്റ് ഉണ്ട്. പർവതങ്ങളുടെ കൊടുമുടികളിലെ താപനില ശൈത്യകാലത്ത് - 5 ഡിഗ്രി സെൽഷ്യസായി കുറഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ജബൽ ജെയ്‌സ് മലനിരകളിലെ കാൽനടയാത്രക്കാർക്ക് ആകർഷകമായ കേന്ദ്രമാണ്. സമുദ്രനിരപ്പിൽ നിന്ന് 150 മീറ്റർ മുതൽ 1,800 മീറ്റർ വരെ ഉയരത്തിലുള്ള ജബൽ ജെയ്സിലെ ഹൈലാൻഡർ ട്രെയിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ പാതകളിലൊന്നാണിത്. പ്രകൃതിയുമായി കൂടുതൽ അടുക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കുള്ള മികച്ച പിക്‌നിക് കേന്ദ്രം കൂടിയാണിത്. കുടുംബസമേതം തണുപ്പാസ്വദിച്ച് മണിക്കൂറുകൾ ചെലവിടാൻ മറ്റെങ്ങും പോകേണ്ട, ജെബൽ ജെയ്സിലെത്തിയാൽ മതി.