ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ രാജ്യത്തെ വിദേശികളുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സര്‍ക്കാര്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് വ്യക്തമാക്കി. വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ നിയമപരമായി ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കാന്‍ അമീറില്‍ നിന്ന് വ്യക്തമായ നിര്‍ദേശമുണ്ട്. ഇത് പാലിക്കപ്പെടുമെന്ന് മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് കൂട്ടിചേര്‍ത്തു. എന്ത് കാരണമായാലും ജീവനക്കാരുടെ ശമ്പളം നല്‍കാതിരിക്കുന്നതിന് ഒരു ന്യായീകരണവുമില്ലെന്ന് മന്ത്രി പറഞ്ഞു.

അത്‌പോലെതന്നെ, യൂണിവേഴ്‌സിറ്റി ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികളുടെ റെസിഡന്‍സി പുതുക്കുന്നതിന് അമിതമായ ഫീസ് നല്‍കണമെന്ന വ്യവസ്ഥ കുവൈത്തിന്റെ മാനുഷിക മുഖത്തിന് ഏറ്റ കറയാണന്ന് ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് പറഞ്ഞു. 2021-ജനുവരിയിലാണ് ഇത്തരമെരു തീരുമാനം മന്ത്രാലയം സ്വീകരിച്ചത്.

നിലവിലെ വ്യവസ്ഥപ്രകാരം 60 വയസ്സ് കഴിഞ്ഞ വിദേശി ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ വര്‍ക്ക് വീസ പുതുക്കുന്നതിന് പ്രതിവര്‍ഷം ആയിരം ദിനാര്‍വരെ ഫീസ് നല്‍കേണ്ട സാഹചര്യമാണുള്ളത്. 

'കുവൈത്തില്‍ ജനിച്ച വിദേശികളുണ്ട്. അത്‌പോലെ ജീവിതത്തിന്റെ പകുതിയിലധികം ഇവിടെ ചെലവഴിച്ചവരുമുണ്ട്. അവരോട് നാം നീതി പുലര്‍ത്തണം, അവരുടെ സേവനത്തെ അഭിനന്ദിക്കണം, അവരുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിച്ച് രാജ്യത്ത് തുടരാന്‍ അനുവദിക്കണമെന്ന നിലപാടാണുള്ളതെന്ന് വെള്ളിയാഴ്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നേത്യത്വത്തില്‍ ഹവാലിയില്‍ നടന്ന പരിശോധനയ്ക്കിടെ പ്രദേശിക ദിനപത്രത്തിന് നല്‍കിയ പ്രസ്താവനയില്‍ ഷെയ്ഖ് ഫഹദ് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍  മലയാളികള്‍ അടക്കം ആയിരക്കണക്കിന് വിദേശികള്‍ക്ക് രാജ്യം വിടേണ്ടി വന്നിട്ടുണ്ട്. മാന്‍പവർ അതോറിറ്റിയുടെ തീരുമാനം പുനപരിശോധിച്ച് വരുകയാണന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.

English Summary:

Emir directs authorities to safeguard rights of foreigners in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com