ADVERTISEMENT

ദുബായ് ∙ 2 പുതിയ സാലിക് (ടോൾ) കൂടി പ്രവർത്തനം ആരംഭിച്ചതോടെ ദുബായിൽ വാഹനമോടിക്കുന്നവർക്ക് ഇന്നു മുതൽ ചെലവേറും. അൽഖൈൽ റോഡിലേക്കുള്ള ബിസിനസ് ബേ ക്രോസിങിലും ഷെയ്ഖ് സായിദ് റോഡിലേക്കുള്ള അൽ സഫ സൗത്തിലുമാണ് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനം തുടങ്ങിയത്. ഇതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം 10 ആയി ഉയർന്നു.100 ശതമാനം സൗരോർജത്തിലാണ് പുതിയ 2 ടോൾ ഗേറ്റുകളും  പ്രവർത്തിക്കുന്നത്.

ഷാർജ, അൽനഹ്ദ, ഖിസൈസ്, മുഹൈസിന തുടങ്ങി വിവിധ പ്രദേശങ്ങളിൽനിന്നുള്ള വാഹനങ്ങൾ എത്തുന്ന ദുബായിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ അൽഖൈൽ റോഡിലേക്ക് പ്രവേശിക്കാൻ ബിസിനസ് ബേ പാലം ഉപയോഗിക്കുന്നതിനാൽ ഇത് പ്രധാന വഴിയായാണ് കണക്കാക്കുന്നത്. 

അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിൽ സ്ഥാപിച്ച സാലിക് ഗേറ്റ്. ചിത്രം: സാബു സക്കറിയ.
അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിൽ സ്ഥാപിച്ച സാലിക് ഗേറ്റ്. ചിത്രം: സാബു സക്കറിയ.

പുതിയ സാലിക് ഗേറ്റുകൾ സ്ഥാപിക്കുന്നതോടെ ഗതാഗത തിരക്ക് 16% വരെ കുറയ്ക്കാമെന്നാണ് ആർടിഎയുടെ പ്രതീക്ഷ. ബിസിനസ് ബേ ക്രോസിങ് ടോൾ ഗേറ്റ് അൽഖൈൽ റോഡിൽ 12% മുതൽ 15% വരെയും അൽറബാത്ത് സ്ട്രീറ്റിൽ 10% മുതൽ 16% വരെയും തിരക്ക് കുറയ്ക്കുമെന്നാണ് കരുതുന്നത്.

അൽ സഫ സൗത്ത് ടോൾ ഗേറ്റിന്റെ ഫലമായി ഷെയ്ഖ് സായിദ് റോഡിൽനിന്ന് മെയ്ദാൻ സ്ട്രീറ്റിലേക്കുള്ള ഗതാഗത കുരുക്ക് 15% കുറയും. ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിനും മെയ്ദാൻ സ്ട്രീറ്റിനും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തും. വിശാലമായ ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിലേക്കും അൽ അസായെൽ സ്ട്രീറ്റിലേക്കും വാഹനങ്ങൾ വിഭജിക്കപ്പെടുന്നതിനാലാണിത്. 

ദുബായ് ഗർഹൂദ് പാലത്തിലെ സാലിക് ഗേറ്റ്. ചിത്രത്തിന് കടപ്പാട്: വാം.
ദുബായ് ഗർഹൂദ് പാലത്തിലെ സാലിക് ഗേറ്റ്. ചിത്രത്തിന് കടപ്പാട്: വാം.

 ∙ സ്വകാര്യ വാഹനയാത്രയ്ക്ക് ചെലവേറും 
ഒരു സാലിക് ടോൾ ഗേറ്റ് കടന്നാൽ 4 ദിർഹം ഈടാക്കുക. പുതിയവ കൂടി പ്രാബല്യത്തിലായതോടെ ദുബായിൽ 10 സാലിക് ഗേറ്റുകളായി. ഇതോടെ റോഡ് ചുങ്കത്തിന് മാത്രമായി വൻ തുക ചെലവാക്കേണ്ടിവരും. എന്നാൽ മെട്രോ, ബസ് എന്നിവ ഉപയോഗിച്ചാൽ സാലിക്കിൽനിന്നു രക്ഷപ്പെടാം. അൽസഫയിലെ തെക്കു വടക്കു ഗേറ്റുകൾ ഒരു മണിക്കൂറിനകം കടക്കുന്നവർക്ക് ഒരു ടോൾ നൽകിയാൽ മതി.

 ∙ സാലിക് ടാഗ് ഇല്ലെങ്കിൽ പിഴ
സാലിക് ഗേറ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് സാലിക് ടാഗ് നിർബന്ധമാണ്. പുതിയ വാഹനങ്ങൾക്ക് ടാഗ് സ്ഥാപിക്കാനും ആക്ടിവേറ്റ് ചെയ്യാനും 10 ദിവസത്തെ സാവകാശമുണ്ട്. അറ്റകുറ്റപ്പണിക്കായി ജനുവരി 16 വരെ ഭാഗികമായി അടയ്ക്കുന്ന മക്തൂം പാലത്തിലൂടെ രാത്രി 10 മുതൽ രാവിലെ 6 വരെ ടോൾ ഈടാക്കില്ല. ടാഗില്ലാതെ കടന്നുപോകുന്ന വാഹനങ്ങൾക്ക് ആദ്യ തവണ 100 ദിർഹവും രണ്ടാം തവണ 200 ദിർഹവും പിഴ ഈടാക്കും. തുടർന്നുള്ള ഓരോ തവണയും 400 ദിർഹമാണ് പിഴ.

 ∙ സാലിക് ഗേറ്റുകൾ
അൽബർഷ, ഗർഹൂദ്, മക്തൂം, മംസാർ സൗത്ത്, മംസാർ നോർത്ത്, അൽ സഫ, അൽസഫ സൗത്ത്, എയർപോർട്ട് ടണൽ, ജബൽഅലി, ബിസിനസ് ബേ.

English Summary:

Dubai’s Two New Salik Gates Go Live on Sunday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com