യുഎഇയിൽ പ്രതിവർഷം 2 % സ്വദേശികളെ നിയമിച്ചാൽ ആനുകൂല്യങ്ങൾ
Mail This Article
ദുബായ് ∙ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.18 ലക്ഷം കടന്നതായി യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിൽ പങ്കാളിത്തം 230% ഉയർത്താൻ നാഫിസ് വഴി സാധിച്ചു. സ്വദേശിവൽക്കരണം ത്വരിതപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽ മേഖലയും തമ്മിലുള്ള ബന്ധം ദൃഢമാക്കും.
പ്രതിവർഷം 2 ശതമാനം സ്വദേശികൾക്ക് തൊഴിൽ നൽകുന്ന കമ്പനികൾക്ക് മന്ത്രാലയം 3 ആനുകൂല്യങ്ങൾ നൽകും. സർക്കാർ കേന്ദ്രീകൃത ടെൻഡറുകളിൽ ഈ കമ്പനികൾക്ക് മുൻഗണന ലഭിക്കും. സർക്കാർ ഇടപാടുകൾക്കുള്ള നിരക്കിൽ 80% വരെ ഇളവുമുണ്ടാകും. നാഫിസ് പദ്ധതികളിൽ തൊഴിലുടമകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നേടാനാകും. സർക്കാർ സേവന സംരംഭങ്ങളിൽ ഇത്തരം കമ്പനികൾക്കു പ്രാമുഖ്യം നൽകുന്നതു നാഫിസ് വഴിയാകും.
സ്വദേശികളെ നിയമിച്ചതായി വ്യാജരേഖകളുണ്ടാക്കി സർക്കാർ ആനുകൂല്യങ്ങൾ തരപ്പെടുത്താൻ ശ്രമിച്ച 1934 സ്വകാര്യ സ്ഥാപനങ്ങളെ പിടികൂടിയതായി മന്ത്രാലയം അറിയിച്ചു. 2022 മധ്യം മുതൽ 2024 നവംബർ 19 വരെ വ്യാജ നിയമനത്തിൽ പിടിക്കപ്പെട്ട കമ്പനികളുടെ എണ്ണമാണിത്. 3035 സ്വദേശികളെ നിയമിച്ചതായി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചത്. 20,000 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെയാണ് ഇത്തരം കമ്പനികൾക്കുള്ള പിഴ. വ്യാജ നിയമനത്തിന്റെ ഗൗരവമനുസരിച്ച് കൂടുതൽ നടപടികൾക്കായി കമ്പനികളുടെ ഫയൽ പ്രോസിക്യൂഷനു കൈമാറും. വ്യാജ നിയമനം സംബന്ധിച്ച പരാതികൾ 600590000 എന്ന നമ്പറിൽ അറിയിക്കാം.