ADVERTISEMENT

ദോഹ ∙ മേഖലയിലെ കാറോട്ട മത്സരപ്രേമികളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഫോർമുല വൺ ഖത്തർ ഗ്രാൻ‍‍ഡ് പ്രി ഈ മാസം 29ന് ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കും. മത്സരത്തിന്റെ ഭാഗമായി ഇത്തവണ പോർഷെ കരേര കപ്പ് മിഡിൽ ഈസ്റ്റും നടക്കും. 3 ദിവസത്തെ വാശിയേറിയ മത്സരങ്ങൾക്കു പുറമെ ഫാൻസോണിൽ ആരാധകർക്കായി നിരവധി വ്യത്യസ്ത വിനോദപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ലാസ് വേഗാസ് ഗ്രാൻഡ് പ്രിയിൽ മാക്സ് വെഴ്സ്റ്റപ്പൻ ഫോർമുല വൺ ലോക ചാംപ്യൻ പട്ടം നേടിയ വിജയത്തിന് തൊട്ടുപിന്നാലെ നടക്കുന്ന ഖത്തർ ഗ്രാൻഡ് പ്രിയിൽ മക് ലാറൻ ഫോർമുല വൺ ടീം, സ്കുഡെറിയ ഫെരാരി, ഓറക്കിൾ റെ‍ഡ് ബുൾ റേസിങ് എന്നിങ്ങനെ മുൻനിര ടീമുകളാണ് മത്സരിക്കുന്നത്. ഗ്രാൻ‍ഡ് പ്രിയുടെ ഭാഗമായി ഇത്തവണ പോർഷെ കരേര കപ്പ് മിഡിൽ ഈസ്റ്റ് മത്സരവും നടക്കും. ട്രാക്കിൽ കാറോട്ട മത്സര രംഗത്തെ വനിതാ ഡ്രൈവർമാരുടെ പോരാട്ട വീര്യമാണ് പോർഷെ കരേര കപ്പ് മത്സരത്തിൽ ആരാധകർക്ക് കാണാൻ കഴിയുക.

∙ ട്രാക്കിലെ കാഴ്ചകൾ
29ന് വൈകിട്ട് 4.30ന് ട്രാക്കിൽ ഉദ്ഘാടന എഫ് വൺ പരിശീലന സെഷനാണ് നടക്കുക. രാത്രി 8.30നാണ് എഫ് വൺ സ്പ്രിൻറ് റേസ് നടക്കുക. 30ന് ഉച്ചയ്ക്ക് 2.20നാണ് പോർഷെ കരേര കപ്പ് മത്സരങ്ങൾ നടക്കുക.  വൈകിട്ട് 5.00നാണ് സ്പ്രിൻറ് റേസ്. തുടർന്ന് രാത്രി 8.00ന് ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിലേക്കുള്ള യോഗ്യതാ മത്സരങ്ങൾ കാണാം. രാത്രി 11.05 ന് ഇതാദ്യമായി എഫ് വൺ അക്കാദമിയുടെ പ്രഥമ 14–ലാപ് റേസ് നടക്കും.

എഫ് വൺ ഖത്തർ ഗ്രാൻഡ് പ്രിയുടെ ഫൈനൽ ദിനമായ ഡിസംബർ 1ന് ആരാധകരിൽ ആവേശം പകരാൻ വൈകിട്ട് 6.20ന് എഫ് വൺ ഡ്രൈവർമാർ അണിനിരക്കുന്ന മനോഹരമായ പരേഡ് കാണാം. 7.00നാണ് ഗ്രാൻഡ് പ്രിയുടെ ഫൈനൽ മത്സരം നടക്കുക.

∙ ഫാൻ സോണിലും പോഡിയത്തിലും ആസ്വാദനങ്ങളേറെ
29ന് ഫാമിലി സോണിൽ ഫാമിലി ഫ്രൈഡേ എന്ന പേരിലാണ് വിനോദ പരിപാടികൾ നടക്കുക. ലുസെയ്ൽ ഹില്ലിലെ പൊതു പ്രവേശന ഏരിയയിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റുള്ള രക്ഷിതാക്കൾക്കൊപ്പം സൗജന്യമായി പ്രവേശിക്കാം. വെള്ളിയാഴ്ചയിലെ ജനറൽ അഡ്മിഷൻ വിഭാഗത്തിൽ ടിക്കറ്റെടുത്ത മുതർന്നവർക്ക് പരമാവധി 4 കുട്ടികൾക്ക് വരെ സൗജന്യ പ്രവേശനം ലഭിക്കും.

വെർച്വൽ റിയാലിറ്റി ലേസർ ടാഗ്, കുട്ടികൾക്കും കൗമാരക്കാർക്കുമായി കാർട്ടിങ്, ഫെയ്സ് പെയിൻറിങ്, എഐ ഫോട്ടോ ബൂത്ത്, കുട്ടികൾക്കായി കാർ റേസിങ് തുടങ്ങി ഫാൻ സോണിൽ വ്യത്യസ്തങ്ങളായ ആസ്വാദനങ്ങളാണ് ഇവിടെ കാത്തിരിക്കുന്നത്. 29ന് വൈകിട്ട് മുതൽ ലബനീസ് ഗായകനും സംഗീത രചയിതാവുമായ മിറിയം ഫരെസിന്‍റെ സംഗീത പരിപാടി ആസ്വദിക്കാം. 3 ദിവസത്തെ മത്സര ടിക്കറ്റെടുത്തവർക്ക് വെള്ളി, ഞായർ ദിനങ്ങളിലെ സംഗീത വിരുന്ന് കാണാം. എഫ് വൺ സ്റ്റാറ്റിക് പോഡിയത്തിൽ ആരാധകർക്ക് എഫ് വൺ ഡ്രൈവർ സെൽഫി ചിത്രമെടുക്കാനുള്ള അവസരമുണ്ട്.

ഇഷ്ടപ്പെട്ട എഫ് വൺ ടീം ഡ്രൈവർമാർക്കൊപ്പം ഡിജിറ്റൽ അല്ലെങ്കിൽ നേരിട്ട് സെൽഫിയെടുത്ത് മത്സരം ആഘോഷമാക്കാം ഇത്തവണ ആദ്യമായി എഫ് വൺ ഫാൻ ഫോറത്തിൽ ആരാധകർക്ക് തങ്ങളുടെ ഇഷ്ടതാരങ്ങളെ അടുത്തു കാണാം. 29, 30 തീയതികളിൽ ഫാൻസോണിലെ പ്രധാന വേദിയിൽ നടക്കുന്ന ചോദ്യോത്തര പരിപാടിയിൽ എഫ് വൺ താരങ്ങൾ പങ്കെടുക്കും.

∙ ടിക്കറ്റ് വിവരങ്ങൾ അറിയാം
ടിക്കറ്റുകളുടെ വിൽപന പുരോഗമിക്കുകയാണ്. 500 റിയാൽ മുതൽക്കാണ് ടിക്കറ്റ് നിരക്ക്. 3 ദിവസത്തെ ഗ്രാൻഡ് സ്റ്റാൻഡ്, ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾ, ഏതെങ്കിലും ഒറ്റ ദിവസത്തേക്കുള്ള സിംഗിൾ ഡേ ടിക്കറ്റ് എന്നിവ ലഭ്യമാണ്. ടിക്കറ്റുകൾ https://tickets.lcsc.qa/ എന്ന വെബ്സൈറ്റിൽ നിന്ന് വാങ്ങാം.

English Summary:

Formula 1 Qatar Grand Prix Race will Starts November 29 with Exciting Events

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com