ADVERTISEMENT

മസ്‌കത്ത് ∙ ടൂറിസ്റ്റ് വീസയില്‍ ബുറൈമിയില്‍ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ല കെഎംസിസിയുടെ നേതൃത്വത്തില്‍ നാട്ടില്‍ എത്തിച്ചു.

ഇടുക്കി പാമ്പനാര്‍ സ്വദേശിനിയായ ഒരു സ്ത്രീ നടത്തുന്ന ഏജന്‍സി വഴി ലഭിച്ച വീസയില്‍ ഒമാനില്‍ എത്തിയ യുവതികളെ ഒമാനിലെ ബുറൈമിയില്‍ എത്തിച്ചെങ്കിലും പറഞ്ഞ ജോലി നല്‍കാതെ മുറിയില്‍ പൂട്ടി ഇടുകയും ദിവസം ഒരു നേരം മാത്രം ആഹാരം നല്‍കുകയും പുറം ലോകവുമായി ബന്ധപ്പെടാതിരിക്കാന്‍ കയ്യിലുള്ള ഫോണ്‍ വാങ്ങി വയ്ക്കുകയും ചെയ്യുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ബംഗ്ലദേശ് സ്വദേശിയുടെ ഫോണില്‍ നിന്നും വീട്ടില്‍ വിളിച്ചു ഭര്‍ത്താവിനെ വിവരം അറിയിച്ച പ്രകാരം ബന്ധുക്കളും നാട്ടിലെ സാമൂഹിക പ്രവര്‍ത്തകരും എരുമേലി ജമാഅത്ത് പ്രസിഡന്റും  ചേര്‍ന്ന് കെഎംസിസി കോട്ടയം ജില്ലാ പ്രസിഡന്റ് ഷാ റസാഖ് എരുമേലിയെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ബുറൈമിയിലെ കെ എം സി സി പ്രവര്‍ത്തകരുമായി ചേര്‍ന്ന് യുവതികളെ ഒമാനില്‍ എത്തിച്ച തമിഴ്‌നാട് സ്വദേശിനിയെ ബന്ധപ്പെടുകയും അവര്‍ക്ക് ചെലവായ തുക നല്‍കി രണ്ടു പേരെയും മസ്‌കത്ത് വിമാനത്താവളത്തിലെത്തിച്ച് കൊച്ചി വഴി നാട്ടിലേക്ക് എത്തിച്ചു. ഒരാള്‍ കോട്ടയം എരുമേലി സ്വദേശിനിയും മറ്റൊരാള്‍ ചങ്ങനാശ്ശേരി കറുകച്ചാല്‍ സ്വദേശിനിയും ആണ്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടും രോഗിയായ മക്കളുടെ ചികിത്സാ ചെലവും കാരണം ജോലി തേടി ഒമാനില്‍ എത്തിയ വനിതകളാണ് ചതിയില്‍ പെട്ടത്. 

നാട്ടിലെ പോലീസ് സ്‌റ്റേഷനില്‍ പരാതിപെട്ടെങ്കിലും വീസ ഏര്‍പ്പാടാക്കിയ സ്ത്രീക്കെതിരെ പരാതി സ്വീകരിക്കാന്‍ പോലും തുടക്കത്തില്‍ പൊലീസ് തയാറാകാത്ത സാഹചര്യത്തില്‍ ആണ് മസ്‌കത്തിലെ കോട്ടയം ജില്ല കെഎംസിസി ഭാരവാഹികളെ ബന്ധപ്പെടുന്നത്. നാട്ടില്‍ എത്തിയ ഒരാള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ കൂടുതലായതിനാല്‍ അടുത്തുള്ള ആശുപത്രിയിലെ ഡോക്ടറെ കാണിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ചികിത്സയും കൗണ്‍സിലിങ്ങും നല്‍കുകയും ചെയ്തു.

English Summary:

Distressed Kottayam native women arrived in Oman on tourist visa reaches home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com