ടീമിനായി കന്നി സെഞ്ചറി വേണ്ടെന്നുവച്ചു: അവസാന ഓവറിൽ ശശാങ്ക് അടിച്ചത് 23 റൺസ്, ടീം ജയിച്ചത് 11 റൺസിനും; നിസ്വാർഥതയുടെ ശ്രേയസ് – വിഡിയോ

Mail This Article
അഹമ്മദാബാദ്∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ ‘ടൈറ്റ്’ മത്സരത്തിനൊടുവിൽ പഞ്ചാബ് കിങ്സ് ജയിച്ചുകയറുമ്പോൾ, ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും കയ്യടി. ടീമിന്റെ വിജയത്തിനായി സ്വന്തം സെഞ്ചറി പോലും വേണ്ടെന്നു വയ്ക്കാൻ അയ്യർ കാട്ടിയ മനസ്സിനാണ് ആരാധകർ കയ്യടിക്കുന്നത്. വൻ തുക നൽകി സ്വന്തമാക്കിയ പഞ്ചാബ് ജഴ്സിയിൽ ക്യാപ്റ്റനായി അരങ്ങേറുമ്പോൾ, ഐപിഎലിലെ കന്നി സെഞ്ചറിയോടെ അത് രാജകീയമാക്കാനുള്ള അവസരമാണ് ടീമിനായി അയ്യർ വേണ്ടെന്നുവച്ചത്.
പഞ്ചാബ് ഇന്നിങ്സിന്റെ 19 ഓവർ പൂർത്തിയാകുമ്പോൾ 42 പന്തിൽ 97 റൺസുമായി നോൺ സ്ട്രൈക്കർ എൻഡിലായിരുന്നു ശ്രേയസ് അയ്യർ. ഐപിഎലിൽ തന്റെ കന്നി സെഞ്ചറി കുറിക്കാൻ ലഭിച്ച സുവർണാവസരം. എന്നാൽ സ്ട്രൈക്കിലുണ്ടായിരുന്ന ശശാങ്ക് സിങ്ങിനോട് ശ്രേയസ് സിംഗിളിനായി ശ്രമിക്കരുതെന്നു പറഞ്ഞു. മറിച്ച് ആദ്യ പന്തു മുതൽ ആക്രമിച്ചു കളിക്കണമെന്നും പരമാവധി റൺ കണ്ടെത്തണമെന്നും നിർദേശിച്ചു.
ക്യാപ്റ്റൻ നൽകിയ നിർദേശം അക്ഷരംപ്രതി അനുസരിച്ച ശശാങ്ക് അവസാന ഓവറിൽ 5 ഫോറും ഒരു ഡബിളും അടക്കം നേടിയത് 23 റൺസ്. ഇതിൽ രണ്ടാം പന്തിൽ ഡബിളിനു പകരം സിംഗിൾ ഓടി സ്ട്രൈക്ക് കൈമാറാൻ അവസരമുണ്ടായിട്ടും അതു നിരസിച്ച ശ്രേയസ് ഡബിൾ പൂർത്തിയാക്കി ശശാങ്കിനു തന്നെ സ്ട്രൈക്ക് നൽകി. അവസാന ഓവറിൽ 23 റൺസ് വന്നതോടെയാണ് പഞ്ചാബ് സ്കോർ 243ൽ എത്തിയത്.
മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് തോൽവി വഴങ്ങിയത് 11 റൺസിനാണെന്ന് അറിയുമ്പോഴാണ് അവസാന ഓവറിൽ ശശാങ്ക് നേടിയ 23 റൺസിന്റെ മൂല്യം മനസ്സിലാകുക. ബാറ്റിങ്ങിനു ശേഷം ശശാങ്ക് തന്നെയാണ് ക്യാപ്റ്റന്റെ നിർദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.