ഭീകരൻ സ്രാവിന്റെ പല്ലിൽ മറ്റൊരു സ്രാവിന്റെ പല്ലിന്റെ പാട്! നിഗൂഢതയായി മെഗലഡോൺ

Mail This Article
വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന മെഗലഡോൺ സ്രാവിന്റെ പല്ലിൽ അതേ വർഗത്തിൽപെട്ട മറ്റൊരു സ്രാവ് കടിച്ചതിന്റെ പാടുകൾ ഗവേഷകർ കണ്ടെത്തി. മെഗലഡോൺ ഇന്നത്തെ സ്രാവുകളുടെ അതിപുരാതന പൂർവികനാണ്. 2018ൽ പുറത്തിറങ്ങിയ മെഗ്, മെഗാഷാർക് തുടങ്ങി ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളിൽ മെഗലഡോൺ കഥാപാത്രമായിട്ടുണ്ട്. എന്തു കൊണ്ടായിരിക്കും ഒരു മെഗലഡോൺ മറ്റൊന്നിന്റെ പല്ലിൽ കടിച്ചതെന്ന കൺഫ്യൂഷനിലാണു ഗവേഷകർ. ഒരേ വർഗത്തിൽപ്പെട്ട ജീവികൾ തമ്മിൽ പുലർത്തുന്ന കടുത്ത ആക്രമണോത്സുകതയുടെ അടയാളമാണിതെന്ന് ചില വിദഗ്ധർ പറയുന്നു. ചിലപ്പോൾ 2 മെഗലഡോണുകൾ ഒരേ ഇരയെ ആക്രമിച്ചപ്പോൾ അന്യോന്യം അബദ്ധത്തിൽ കടിച്ചതാകാം പാടിന് വഴിവച്ചതെന്നാണു മറ്റുള്ളവർ പറയുന്നത്. ഏതായാലും ഈ പല്ലിലെ പാടൊരു ദുരൂഹതയായി ശേഷിക്കുകയാണ്.
36 ലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന മെഗലഡോൺ സ്രാവുകൾക്ക് 50 അടി വരെ നീളമുണ്ടായിരുന്നു. ഇപ്പോഴത്തെ ഗ്രേറ്റ് വൈറ്റ് ഷാർക്കുകളുടെ മൂന്നിരട്ടി നീളം. ഇവയുടെ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്കു പോലും ആറരയടിയോളം നീളമുണ്ടായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. മെഗലഡോൺ സ്രാവുകളുടെ ശിശുക്കൾ ഗർഭസ്ഥ അവസ്ഥയിൽ തന്നെ തങ്ങളുടെ സഹോദരന്മാരെ കൊന്നുതിന്നുമായിരുന്നത്രേ. അമ്മയുടെ ഗർഭപാത്രത്തിൽ വച്ചുള്ള ഈ വേട്ടയാടലിൽ വിജയിക്കുന്നവർ മാത്രമേ പ്രസവിച്ചു കടലിലേക്ക് ഇറങ്ങൂ. ഇതിനാൽ തന്നെ ജനിച്ചു വീഴുമ്പോൾ തന്നെ ഇവ അസാധാരണമായ ക്രൗര്യം പ്രകടിപ്പിച്ചിരുന്നു.
കടലിൽ തങ്ങളെ വേട്ടയാടാൻ ആരുമില്ലാത്തതിനാൽ അപെക്സ് പ്രിഡേറ്റർ ആയിട്ടാണ് മെഗലഡോൺ സ്രാവുകളെ കണക്കാക്കുന്നത്. ചെറിയ തിമിംഗലങ്ങൾ മുതൽ ചെറിയ സ്രാവുകൾ വരെയുള്ള കടൽജീവികളെ ഇവ ഭക്ഷിച്ചിരുന്നു. ഇരയെ മുന്നിൽ കണ്ടാൽ ഇവ തങ്ങളുടെ വായ വലിച്ചുതുറക്കും. മൂന്നു മീറ്ററോളം വ്യാസമുണ്ടാകും ഈ വായയ്ക്ക്.ഇന്നത്തെ കാലത്താണെങ്കിൽ രണ്ടു മനുഷ്യരെ ഒറ്റയടിച്ച് വായിലാക്കാൻ ഇവയ്ക്കു കഴിയും. വായയിൽ ആകെ 276 പല്ലുകൾ. ഇവയുടെ കടിക്കാനുള്ള ശക്തി (ബൈറ്റ് ഫോഴ്സ്) സമാനതകളില്ലാത്തതായിരുന്നു. ഒറ്റക്കടിക്ക് തന്നെ ഇരയുടെ മരണം ഉറപ്പ്.88 മുതൽ 100 വർഷം വരെയായിരുന്നു ഇവയുടെ ആയുർദൈർഘ്യം

ഇവയുടെ അസ്ഥികൂടങ്ങൾ അങ്ങനെ കിട്ടാറില്ല.എല്ലുകൾക്കു പകരം കാർട്ടിലേജുകൾ കൊണ്ടാണ് ഇവയുടെ അസ്ഥികൂടങ്ങൾ നിർമിച്ചിരുന്നത്.കാർട്ടിലേജുകൾ എല്ലുകളെപ്പോലെ ലക്ഷങ്ങളോളം വർഷങ്ങൾ ശേഷിക്കാത്തതിനാൽ ഇവയെക്കുറിച്ചുള്ള അത്തരം തെളിവുകൾ കുറവാണ്.മെഗലഡോണുകളുടെ നശിക്കാത്ത പല്ലുകളിൽ നിന്നാണു കൂടുതൽ വിവരങ്ങളും ശേഖരിക്കുന്നത്.
ചരിത്രാതീത കാലത്തുള്ള ആഗോളശിതീകരണം മൂലം ഭൂമിയെമ്പാടും താപനില കുറഞ്ഞതാണ് മെഗലഡോണുകളുടെ നാശത്തിനു വഴിയൊരുക്കിയത്. ധാരാളം കടൽജീവികൾ അന്നു ചത്തൊടുങ്ങി നശിച്ചു.ഇതിന്റെ ഫലമായി ഇരകിട്ടുന്നതിൽ കുറവ് നേരിട്ട് മെഗലഡോണുകളുടെ അന്ത്യം സംഭവിച്ചു. ഇന്നും മെഗലഡോണുകൾ കടലിലെവിടെയെങ്കിലും ഉണ്ടാകാം എന്നു വാദിക്കുന്നവർ ഉണ്ട്. എന്നാൽ, ഒരു നിഗൂഢസിദ്ധാന്തം എന്നതിനപ്പുറം ഈ വാദത്തിനു ശാസ്ത്രലോകം വലിയ വിലയൊന്നും കൊടുക്കുന്നില്ല. ആദിമ കാലത്ത് അന്റാർട്ടിക്കയുടേത് ഒഴിച്ചുള്ള സമുദ്രപ്രദേശങ്ങളിൽ മെഗലഡോൺ ജീവിച്ചിരുന്നു.