റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഡിസംബർ 5 മുതൽ
Mail This Article
ജിദ്ദ ∙ രാജ്യത്തെ ചലച്ചിത്ര, കലാ ലോകത്തിന് മികച്ച ആസ്വാദനം ഒരുക്കി നാലാമത് റെഡ്് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന് ജിദ്ദ ഹിസ്റ്റോറിക് ഡിസ്ട്രിക്ടിലെ കൾച്ചർ സ്ക്വയറിൽ ഡിസംബർ 5ന് തുടക്കമാകും. 81 രാജ്യങ്ങളിൽ നിന്നുള്ള 120 ചിത്രങ്ങളാണ് ഇത്തവണത്തെ മേളയിൽ പ്രദർശിപ്പിക്കുക.
സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച്് ജിദ്ദ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ് പ്രോഗ്രാം ആണ്് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. സിനിമയുടെ പുതിയ ഇടം എന്ന പ്രമേയത്തിൽ ഡിസംബർ 14 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. 48 ലോക പ്രീമിയറുകൾ, 66 അറബ് സിനിമകൾ, 34 സൗദി സിനിമകൾ, 54 ഷോർട്ട് ഫിലിമുകൾ, 63 ഫീച്ചർ ഫിലിമുകൾ എന്നിവയുൾപ്പെടെയാണ് 81 രാജ്യങ്ങളിൽ നിന്നുള്ള 120 ചിത്രങ്ങൾ. ഇതിനു പുറമെ നടക്കുന്ന പുരസ്കാര മത്സരത്തിൽ 36 ചലച്ചിത്ര നിർമാതാക്കൾ പങ്കെടുക്കും. 38 മികച്ച ചലച്ചിത്ര-ടെലിവിഷൻ പ്രോജക്റ്റുകൾ റെഡ് സീ സൂക്ക് പ്രോജക്റ്റ് മാർക്കറ്റിൽ പ്രദർശിപ്പിക്കുകയും ചെയ്യും.
ടീം ലാബ് ബോർഡർലെസ് ജിദ്ദ ആർട്ട് മ്യൂസിയം, ഡിജിറ്റൽ ആർട്ട് മ്യൂസിയം , സിനിമാ ഹാളുകൾ, തിയറ്റർ, സേവന സൗകര്യങ്ങളെല്ലാമുള്ള കൾച്ചർ സ്‌ക്വയർ അൽ അർബൈൻ തടാകത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. പൈതൃകം സംരക്ഷിക്കുന്നതിനും സാംസ്കാരിക സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി പ്രദേശത്തിന്റെ വാസ്തുവിദ്യയും സാംസ്കാരികവുമായ സത്ത നിലനിർത്തിക്കൊണ്ടുതന്നെ ചലച്ചിത്ര മേള കൾചറൽ സ്ക്വയറിനെ സാംസ്കാരിക നാഴികക്കല്ലായി മാറ്റും. ഈ മേഖലയെ ആഗോള സാംസ്കാരിക കേന്ദ്രമായി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ സൗദി വിഷൻ 2030 എന്ന ലക്ഷ്യവുമായി യോജിപ്പിച്ചുള്ളതാണ് സംരഭം.