വീട്ടിൽ സിസിടിവി ഘടിപ്പിക്കുന്നതിന് മാർഗനിർദേശങ്ങളുമായി അബുദാബി പൊലീസ്
Mail This Article
അബുദാബി ∙ വീടുകളിൽ സിസിടിവി ക്യാമറ ഘടിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അബുദാബി പൊലീസ് പുറത്തിറക്കി. വിദൂര നിരീക്ഷണത്തിനും സുരക്ഷയ്ക്കുമായി വീടുകളിൽ അത്തരം ക്യാമറകൾ സ്ഥാപിക്കാൻ അനുമതിയുണ്ടെങ്കിലും അവയിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ പാടില്ലെന്ന് പൊലീസ് അറിയിച്ചു.
ക്യാമറകൾ ഇൻസ്റ്റാൾ ചെയ്യാനും അറ്റകുറ്റപ്പണി നടത്താനും ലൈസൻസുള്ള അംഗീകൃത കമ്പനികളെ ചുമതലപ്പെടുത്തണം. നിയന്ത്രണങ്ങളും സുരക്ഷാ നടപടികളും ഉറപ്പുവരുത്തിയ ശേഷമാണ് ക്യാമറ സ്ഥാപിക്കേണ്ടത്.
സ്മാർട്ട് ഫോൺ കണക്ടിവിറ്റി, നൈറ്റ് വിഷൻ, മോഷൻ ഡിറ്റക്‌ഷൻ സവിശേഷതകളുള്ള ക്യാമറകൾ തിരഞ്ഞെടുക്കണം. സ്വകാര്യത സംരക്ഷിക്കുന്നതിനും ക്യാമറ ഹാക്ക് ചെയ്യപ്പെടുന്നത് ഒഴിവാക്കുന്നതിനുമായി പാസ്‌വേഡ് ഇടയ്ക്കിടെ മാറ്റണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അവധിക്കും മറ്റും യാത്ര പോകുന്നവർക്കു ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും യുഎഇയിലെ വീടുകൾ തത്സമയം നിരീക്ഷിക്കാൻ ഉപകാരപ്പെടുന്ന സിസിടിവി ക്യാമറകൾ പ്രവേശന കവാടങ്ങൾ, പുറത്തേക്കുള്ള വഴികൾ, വാഹന പാർക്കിങ്, സ്റ്റോർ റൂം, കുട്ടികളുടെ കളിസ്ഥലങ്ങൾ, വീടിന്റെ ഭാഹ്യഭാഗങ്ങൾ എന്നിവിടങ്ങളിലാണ് സ്ഥാപിക്കേണ്ടത്.
സ്വകാര്യത ലംഘിക്കപ്പെടുന്നവിധം മറ്റിടങ്ങളിൽ സ്ഥാപിക്കാൻ പാടില്ല. അയൽവാസികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന വിധത്തിൽ ക്യാമറ സ്ഥാപിക്കരുതെന്നും പൊലീസ് വ്യക്തമാക്കി.