ഇളവുകളും ഓഫറുകളും വാഗ്ദാനം ചെയ്ത് ഓൺലൈൻ പരസ്യങ്ങൾ; കാത്തിരിക്കുന്നത് ‘വ്യാജന്മാർ’, മുന്നറിയിപ്പുമായി കുവൈത്ത്
Mail This Article
കുവൈത്ത് സിറ്റി ∙ ആകർഷകമായ ഇളവുകളും ഓഫറുകളും വാഗ്ദാനം ചെയ്തു ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വ്യാജ ഓൺലൈൻ പരസ്യങ്ങൾ സജീവമായി പ്രചരിക്കുന്ന സാഹചര്യത്തിൽ, ഇത്തരം തട്ടിപ്പുകളിൽ നിന്ന് ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. സമൂഹ മാധ്യമങ്ങളിലും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി പ്രചരിക്കുന്ന ഈ പരസ്യങ്ങളിൽ മാല്‍വെയർ അടങ്ങിയിരിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം മാല്‍വെയറുകൾ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിശദാംശങ്ങളും ചോർത്താൻ ഉപയോഗിക്കപ്പെടാം.
സുരക്ഷിതമായ ഓൺലൈൻ ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്നതിന്, ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് പോലുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ ഔദ്യോഗിക സ്റ്റോറുകളിൽ നിന്ന് മാത്രം ഷോപ്പിങ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ഓൺലൈൻ പേമെന്‍റ് ലിങ്കുകൾ കൃത്യമായി പരിശോധിച്ച് വ്യക്തത വരുത്തണം.
ഔദ്യോഗിക വെബ്‌സൈറ്റുകളുമായി സമാനമായി തോന്നിക്കുന്ന വ്യാജ സൈറ്റുകളുടെ കെണിയിൽ അകപ്പെടുന്നത് ഒഴിവാക്കാൻ ജാഗ്രത പാലിക്കണം. പൊതു ഇടങ്ങളിലെ വൈഫൈ നെറ്റ്‌വർക്കുകൾ വഴി പണമടയ്ക്കുന്നത് ഒഴിവാക്കുക, ഇത് ഹാക്കിങ്ങിന് ഇരയാകാനുള്ള സാധ്യത വർധിപ്പിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.