പൊതു ജോയിന്റ് സ്റ്റോക്ക് കമ്പനിയായി മാറാൻ യൂണിയൻ കോപ്
Mail This Article
ദുബായ് ∙ റീട്ടെയിൽ രംഗത്തെ പ്രമുഖരായ 'യൂണിയൻ കോപ് ഉപഭോക്തൃ സഹകരണ സൊസൈറ്റിയിൽ നിന്ന് പൊതു ജോയിന്റ് സ്റ്റോക്ക് കമ്പനിയിലേയ്ക്ക് മാറുന്നതിനേക്കുറിച്ച് പഠിക്കാൻ തുടങ്ങിയതായി അറിയിച്ചു. ഇന്നലെ നടന്ന ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗത്തിലാണ് പിജെഎസ്‌സിയിലേയ്ക്ക് മാറുന്നതിനുള്ള സാധ്യതകൾ പഠിക്കാനുള്ള തീരുമാനമെടുത്തത്. ഇത് യാഥാർഥ്യമായാൽ ലുലു ഗ്രൂപ്പിന് ശേഷം പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപിക്കാൻ അവസരം നൽകുന്ന മറ്റൊരു റീട്ടെയിൽ കമ്പനിയായിത്തീരും യൂണിയൻകോപ്.
യൂണിയൻകോപ്പിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. കമ്പനിയുടെ സാമ്പത്തിക സ്രോതസുകൾ പരമാവധിയാക്കുന്നതിനും മത്സരശേഷി വർധിപ്പിക്കുന്നതിനും അതിന്റെ പദ്ധതികളുടെ വികസനം, വ്യാപനം ഊർജിതമാക്കൽ, ഓഹരി ഉടമകൾക്കും ഉപഭോക്താക്കൾക്കും മറ്റും നൽകുന്ന സേവനങ്ങളുടെ മെച്ചപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ഉദ്യമമെന്ന് അധികൃതർ പറഞ്ഞു. രാജ്യത്തെ റീട്ടെയിൽ മേഖലയിലെ സംഭവവികാസങ്ങൾക്കൊപ്പം മുന്നേറാനുള്ള യൂണിയൻ കോപ്പിന്റെ ശ്രമങ്ങൾക്ക് അനുസൃതമായാണ് ഈ പരിവർത്തനം.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഉയർത്തുകയും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന വളർച്ച കൈവരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഈ മാറ്റം പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകുകയും സുതാര്യത വർധിപ്പിക്കുകയും ചെയ്യും. മാറ്റം യാഥാർഥ്യമായാൽ സഹകരണസംഘം പൊതു ജോയിന്റ്-സ്റ്റോക്ക് കമ്പനികളെ നിയന്ത്രിക്കുന്ന നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായിരിക്കും. അതുവഴി സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുകയും കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഓഹരി ഉടമകളുടെ വിശ്വാസം വർധിപ്പിക്കുകയും ചെയ്യും.
പൊതു ജോയിന്റ്-സ്റ്റോക്ക് കമ്പനിയിലേക്കുള്ള മാറ്റം ഓഹരി ഉടമകൾക്കും ഉപഭോക്താക്കൾക്കും നേട്ടങ്ങൾ സമ്മാനിക്കും. കമ്പനിയുടെ പ്രകടനവും സാമ്പത്തിക ഫലങ്ങളുമായി ബന്ധിപ്പിച്ച് ഓഹരി ഉടമകൾക്ക് ഇത് പുതിയ നിക്ഷേപ അവസരങ്ങൾ തുറക്കും. ഇത് ഉയർന്ന ദീർഘകാല വരുമാനത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. 2023–ലെ ജനറൽ അസംബ്ലിയുടെ അഭ്യർഥനപ്രകാരം പൊതു ജോയിന്റ്-സ്റ്റോക്ക് കമ്പനിയാക്കി മാറ്റുന്നതിന് സമഗ്രപഠനം നടത്തുന്നതിന് അൽ തമീമി കമ്പനിയെ നിയമിച്ചു. വൈകാതെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിടും.