കേളി ദിനം; ലോഗോ പ്രകാശനം ചെയ്തു
Mail This Article
റിയാദ് ∙ കേളി കലാസാംസ്കാരിക വേദി 24 - ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന ലോഗോ പ്രകാശന ചടങ്ങിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ലോഗോ പ്രകാശനം ചെയ്തു. കേളി സൈബർ വിഭാഗം അംഗം സിജിൻ കൂവള്ളൂരാണ് ലോഗോ തയ്യാറാക്കിയത്.
2025 ജനുവരി മൂന്നിനാണ് കേളിയുടെ 24-ാം വാർഷികം 'കേളിദിനം2025 ' എന്ന പേരിൽ ആഘോഷിക്കുന്നത്. കേളി അംഗങ്ങളുടെയും കേളി കുടുംബ വേദി അംഗങ്ങളുടേയും കുട്ടികളുടെയും സർഗ്ഗ വാസനകൾ പ്രകടിപ്പിക്കാനൊരു ദിനം എന്നതാണ് കേളിദിനം. സിൽവർ ജൂബിലിയിലേക്ക് പ്രവേശിക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് ഈ കേളിദിനത്തോടെ തുടക്കമാകും.
ലോഗോ പ്രകാശന ചടങ്ങിൽ സംഘടക സമിതി ചെയർമാൻ രജീഷ് പിണറായി ആമുഖ പ്രസംഗം നടത്തി. രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഗീവർഗീസ് ഇടിച്ചാണ്ടി, സീബാ കൂവോട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘടക സമിതി കൺവീനർ റഫീക് ചാലിയം നന്ദിയും പറഞ്ഞു.