ADVERTISEMENT

അബുദാബി ∙ 1.5 കോടി ദിർഹം ചെലവിൽ പുതുക്കിപ്പണിത അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയം നാളെ വിശ്വാസികൾക്ക് സമർപ്പിക്കും. കൂദാശയും പ്രതിഷ്ഠയും നാളെയും മറ്റന്നാളുമായി നടത്തും. ഒരേസമയം 2,000 പേർക്ക് പ്രാർഥിക്കാൻ സൗകര്യമുള്ള യുഎഇയിലെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്നായ കത്തീഡ്രൽ ഒട്ടേറെ പുതുമകളോടെയാണ് നിർമിച്ചിരിക്കുന്നത്.

നാളെ വൈകിട്ട് 5.30ന് ദേവാലയ കൂദാശയുടെ ആദ്യഘട്ടം ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ നടത്തും. ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പൊലീത്ത യാക്കോബ് മാർ ഏലിയാസ്, ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ചെന്നൈ ഭദ്രാസന മെത്രാപ്പൊലീത്ത, ബാംഗ്ലൂർ സഹായ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ പീലക്സിനോസ് എന്നിവർ സഹകാർമികരാകും. 

ആരാധനാലയത്തിന്റെ അകക്കാഴ്ചകൾ.
ആരാധനാലയത്തിന്റെ അകക്കാഴ്ചകൾ.

30ന് ദേവാലയ കൂദാശയുടെ രണ്ടും മൂന്നും ഘട്ടങ്ങളും, വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് പൊതുസമ്മേളനവും നടത്തും. പൊതുസമ്മേളനത്തിൽ യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, സാമൂഹിക വികസന വിഭാഗം (ഡിസിഡി) ചെയർമാൻ മുഗീർ ഖമീസ് അൽ ഖൈലി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, മെറിലാൻഡ് ഇന്റർനാഷനൽ സ്കൂൾ സ്ഥാപക ഡോ. സുശീല ജോർജ്, മലങ്കര ഓർത്തഡോക്സ് സഭാംഗം ഡോ. ജോർജ് മാത്യു തുടങ്ങിയവർ പങ്കെടുക്കും. വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിച്ച ദേവാലയത്തിൽ മദ്ബഹ, യേശുക്രിസ്തുവിന്റെ ചരിത്രം, അദ്ഭുതങ്ങൾ, ഉപമകൾ എന്നിവ ചിത്രീകരിച്ച ഐക്കണുകൾ, പൗരാണിക പാരമ്പര്യത്തെ ഓർമിപ്പിക്കുന്ന നാടകശാല എന്നിവ ഒരുക്കിയിട്ടുണ്ട്. 

ക്രിസ്തുവിന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയും പരസ്യജീവിതകാലത്ത് നടത്തിയ അദ്ഭുതങ്ങൾ, ഉപമകൾ എന്നിവയാണ് ദേവാലയത്തിനു ചുറ്റുമുള്ള ഗ്ലാസുകളിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഇടവക വികാരി ഫാ. ഗീവർഗീസ് മാത്യു, സഹവികാരി ഫാ. മാത്യു ജോൺ എന്നിവർ വിശദീകരിച്ചു. കേരളത്തിൽനിന്ന് എത്തിയ 10 കലാകാരന്മാർ 4 മാസമെടുത്താണ്  കൊത്തുപണികൾ പൂർത്തിയാക്കിയത്. 

ചരിത്രം
യുഎഇയിൽ 1968ൽ 65 അംഗങ്ങളായി ഒരു കോൺഗ്രിഗേഷനായി തുടങ്ങിയ സഭയ്ക്ക് യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഖാലിദിയയിൽ ചർച്ച് നിർമിക്കാൻ സ്ഥലം അനുവദിച്ചു. ഷെയ്ഖ് സായിദ് തന്നെ ശിലയിട്ട ദേവാലയത്തിൽ 1971 ഡിസംബർ ഒന്നിന് ആദ്യ പ്രാർഥന നടന്നിട്ട് ഇപ്പോൾ 53 വർഷം. യുഎഇ രൂപീകരിക്കുന്നതിന്റെ തലേദിവസമായിരുന്നു അത്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ പിറന്നാൾ സഭയ്ക്കും ഇരട്ടിമധുരം സമ്മാനിക്കുന്നു. 1982 ഫെബ്രുവരി 5നാണ് മുഷ്‌രിഫിൽ ദേവാലയത്തിനു കല്ലിട്ടത്. 1983 മേയ് 27നു കൂദാശ തുടങ്ങിയതു മുതൽ 2022 ജൂൺ 26 വരെ പ്രാർഥന തുടർന്നു. 4 പതിറ്റാണ്ടിന്റെ കാലപ്പഴക്കം മൂലം ആ ആരാധനാലയം പൊളിച്ചാണ് ഇപ്പോൾ ഏറ്റവും വലിയ ആരാധനാലയം നിർമിച്ചത്. 2022 ഡിസംബർ 25ന് യാക്കോബ് മാർ ഏലിയാസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, ഡോ. ജോസഫ് മാർ ദീവന്നാസിയോസ് എന്നിവർ ചേർന്ന് ശിലാസ്ഥാപനം നിർവഹിച്ച് ആരാധനാലയമാണ് 2 വർഷത്തിനുശേഷം കൂദാശയ്ക്ക് ഒരുങ്ങുന്നത്.

English Summary:

Abu Dhabi St. George Orthodox Cathedral dedication tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com