യുഎഇ ദേശീയദിനാഘോഷം: ഷാർജ, അജ്മാൻ, ഫുജൈറ ജയിലുകളിലെ തടവുകാരിൽ ചിലരെ മോചിപ്പിക്കും
Mail This Article
ഷാർജ/അജ്മാൻ/ഫുജൈറ ∙ യുഎഇയുടെ 53-ാമത് ദേശീയദിനാഘോഷം (ഈദ് അൽ ഇത്തിഹാദ്) പ്രമാണിച്ച് ഷാർജ, അജ്മാൻ, ഫുജൈറ ജയിലുകളിൽ കഴിയുന്ന തടവുകാരിൽ ചിലരെ മോചിപ്പിക്കും. ഷാർജ കറക്‌ഷണൽ ആൻഡ് പ്യൂണിറ്റീവ് ഇൻസ്റ്റിറ്റ്യൂഷൻ ഡിപാർട്ട്‌മെന്റിൽ നിന്ന് 683 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. കുടുംബ സ്ഥിരതയ്ക്കും ഐക്യത്തിനും വേണ്ടിയുള്ള പ്രതിബദ്ധത എടുത്തുകാണിച്ച് ഷാർജ ഭരണാധികാരിയുടെ ഈ നടപടിയെ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമേർ പ്രശംസിച്ചു.
അജ്മാനിലെ ശിക്ഷാ, തിരുത്തൽ സ്ഥാപനങ്ങളിൽ നിന്ന് 304 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു. നല്ല പെരുമാറ്റത്തിന്റെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിലാണ് വിവിധ രാജ്യങ്ങളിലെ അന്തേവാസികളെ തിരഞ്ഞെടുത്തത്. മോചിതരാവുന്ന തടവുകാർക്ക് പൊതുജീവിതം പുനരാരംഭിക്കാൻ കഴിയട്ടെയെന്നും ഈദ് അൽ ഇത്തിഹാദിന്റെ സന്തോഷം അവരുടെ കുടുംബങ്ങളുമായുള്ള പുനഃസമാഗമത്തോടെ പൂർണമാകുമെന്നും അജ്മാൻ ഭരണാധികാരി പ്രത്യാശ പ്രകടിപ്പിച്ചു.
ഫുജൈറയിലെ ശിക്ഷാ, തിരുത്തൽ സ്ഥാപനങ്ങളിൽ നിന്ന് 118 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഉത്തരവിട്ടു. തടവുകാർക്ക് പുതിയ ജീവിതം നൽകാനും അവരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകാനുമാണ് മോചനം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. അതേസമയം, യുഎഇയിലെ വിവിധ ജയിലുകളിൽ നിന്ന് 2,269 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടിരുന്നു.