ഞായറാഴ്ച വരെ സൗദി അറേബ്യയിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത
Mail This Article
റിയാദ് ∙ ഞായറാഴ്ച വരെ സൗദി അറേബ്യയിൽ ഉടനീളം ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. മക്ക മേഖലയിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നും മിന്നൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ സൂചിപ്പിച്ചു. അസീർ, ജസാൻ മേഖലകളെയും സാമാന്യം ശക്തമായ മഴ ബാധിക്കും. മക്ക മേഖലയിൽ നേരിയതോ മിതമായതോ ആയ മഴയും വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, പൊടികാറ്റ് എന്നിവയ്ക്ക് കാരണമാകുമെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
റിയാദ് മേഖലയിൽ മിതമായതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കുന്നു. അൽ ഖസിം, കിഴക്കൻ, ബഹ മേഖലകളിൽ മിതമായ മഴ ലഭിക്കും. മദീന, നജ്‌റാൻ മേഖലകളിൽ നേരിയ മഴയും പ്രതീക്ഷിക്കാം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്നും താഴ്‌വരകളും കൂടിച്ചേരുന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ടുകളിൽ നിന്ന് മാറി നിൽക്കേണ്ടതിന്റെപ്രാധാന്യവും വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിൽ നീന്തുന്നത് ഒഴിവാക്കണമെന്നും ഡയറക്ടറേറ്റ് അഭ്യർഥിച്ചു.
ഡിസംബർ മാസത്തിന്റെ ആദ്യദിവസം തന്നെ ശീതകാലത്തിന് തുടക്കമിടുമെന്ന് നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജി വക്താവ് പറഞ്ഞു. തണുപ്പ് കാലത്തിന് മുന്നോടിയായി ആദ്യമായി ശീതരംഗമെത്തുന്നത് സൗദിയുടെ വടക്ക്, കിഴക്ക്, മധ്യ പ്രദേശങ്ങളിലായിരിക്കും. ഈ മേഖലകളിൽ അന്തരീക്ഷ ഊഷ്മാവ് 6 മുതൽ 2 ഡിഗ്രി സെൽഷ്യസ് ആയി ഈ ദിവസങ്ങളിൽ മാറിയിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.